ഭാരതപ്പുഴയില്‍ നിന്ന് വെടിക്കോപ്പുകള്‍ കണ്ടെത്തിയ സംഭവം
മലപ്പുറം: ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് കുഴിബോംബുകളും തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിമുട്ടുന്നു. അന്വേഷണവുമായി സൈന്യം സഹകരിക്കാത്തതാണ് കാരണം. ഇതേതുടര്‍ന്ന് പൊലിസ് അന്വേഷണം അവസാനിപ്പിച്ചു. സൈന്യത്തിന്റെ സഹകരണമില്ലാത്തതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തൃശൂര്‍ റേഞ്ച് ഐ.ജി എം ആര്‍. അജിത്കുമാര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് നല്‍കി ഒരു മാസത്തോളമായിട്ടും കേസില്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചിട്ടില്ല. സംസ്ഥാന പൊലിസിന് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്നും വിലയിരുത്തിയാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.
സേനയുടെ ആയുധ നിര്‍മാണ ഫാക്ടറികളിലും പട്ടാള യൂനിറ്റുകളില്‍ നിന്നും തെളിവെടുക്കുന്നതിനായി സംസ്ഥാന പൊലിസ് മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ഓര്‍ഡനനന്‍സ് ഫാക്ടറി, പുല്‍ഗാവോണ്‍ കേന്ദ്ര വെടിക്കോപ്പ് ശാല(സി.എ.ഡി), പൂനെ ദെഹൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറി എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി പോയിരുന്നെങ്കിലും ഒരുതുമ്പും ലഭിച്ചില്ല.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പ്രത്യേക സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈ.എസ്.പി ജെയ്‌സണ്‍ കെ. അബ്രഹാമിന്റെ നേതൃത്വത്തിലാണ് സംഘം സേനാകേന്ദ്രങ്ങളിലെത്തിയത്. സുരക്ഷാകാരണങ്ങളാലുള്ള നടപടിക്രമങ്ങളില്‍തട്ടി വിവരങ്ങള്‍ കൈമാറുന്നത് നീണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനുതാഴെനിന്ന് അഞ്ച് എം.ഐ 8 എ.ഐ ക്ലേമോര്‍ വിഭാഗത്തില്‍പെടുന്ന മൈനുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 11ന് ഇതേ സ്ഥലത്തു പൊലിസ് നടത്തിയ പരിശോധനയില്‍ സെല്‍ഫ് ലോഡിങ് റൈഫിളിന്റെ (എസ്.എല്‍.ആര്‍)445 തിരകളും സൈനികവാഹനങ്ങള്‍ ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പി.എസ്.പി (പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റ്) എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി.
സംഭവം നടന്ന് അഞ്ചുമാസമായിട്ടും ബോംബുകളും തിരകളും ഇവിടെയെങ്ങനെയെത്തിയെന്ന് വ്യക്തമാക്കാന്‍ പൊലിസിനായിട്ടില്ല. സേനയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അവരുടെ സഹകരണം അത്യാവശ്യമാണ്. എന്നാല്‍ സേനയുടെത്തന്നെ ഉപകരണങ്ങള്‍ പുറത്ത് കണ്ടെത്തിയ സംഭവമായതിനാല്‍ സുരക്ഷാകാരണങ്ങളാല്‍ വിവരം പുറത്തുവിടാന്‍ സേനക്കാവില്ല. ഇതാണ് പൊലിസിനെ കുഴക്കുന്നത്. ആവേശത്തോടെ അന്വേഷണം തുടങ്ങിയ പൊലിസ് അന്വേഷണം സേനാതാവളത്തിലെത്തിയതോടെ വഴിമുട്ടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സേനയുടെ സഹകരണം അനിവാര്യമാണെന്നും എന്നാല്‍ അതുണ്ടാകുന്നില്ലെന്നും സംസ്ഥാന പൊലിസിന്റെ പരിധിയില്‍നിന്നുള്ള അന്വേഷങ്ങള്‍ പരമാവധി നടത്തിയെന്നും തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. സേനയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പൊലിസിന് പരിമിതികളുണ്ടെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."