മധുവിന്റെ കൊലപാതകം മൊഴിയില്‍ പരാമര്‍ശിച്ച അഞ്ചുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ആദിവാസിയുവാവ് മധുവിന്റെ മരണമൊഴിയില്‍ പേരുണ്ടായിരുന്ന അഞ്ചുപേരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനാലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മധുവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് അട്ടപ്പാടി മേഖലയില്‍ ആദിവാസി വിഭാഗവും മറ്റുള്ളവരും തമ്മിലുള്ള ശത്രുത വര്‍ധിച്ചിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ. എസ്.പി ടി.കെ സുബ്രഹ്മണ്യന്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
സംഭവ ദിവസം അട്ടപ്പാടിയിലെ മുക്കാലിയില്‍ ഉണ്ടായിരുന്നവരുടെയും തന്നെ പൊലിസ് ജീപ്പിലേക്ക് കയറ്റിയവരുടെയും പേരുകള്‍ മധു പൊലിസിനോട് പറഞ്ഞിരുന്നു. അഡി. എസ്.ഐ പ്രസാദ് വര്‍ക്കി ഇതെഴുതിയെടുത്തു. എന്നാല്‍ വിശദമായ അന്വേഷണത്തിലും സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലും ഇവരില്‍ അഞ്ചുപേര്‍ പ്രതികളല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇന്നലെ ഹരജി പരിഗണിച്ച ഹൈക്കോടതി മേയ് 30 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. മധുവിനെ കൊലപ്പെടുത്തിയ കേസില്‍ അട്ടപ്പാടി സ്വദേശികളായ തൊടിയില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്‍, നജീബ് തുടങ്ങിയ 16 പ്രതികള്‍ നല്‍കിയ ജാമ്യ ഹരജിയിലാണ് സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."