ഇത് ഇസ്സത്തുല്‍ മാതൃക വീട്ടുമുറ്റങ്ങളിലാണ് ഈ വിദ്യാലയത്തിന്റെ 'മികവുത്സവം'
ചെറുവത്തൂര്‍: വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കുവയ്ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ മികവുത്സവങ്ങള്‍ സംഘടിപ്പിച്ചു ഒരു പൊതുവിദ്യാലയ മാതൃക. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളാണു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേറിട്ട പ്രവര്‍ത്തനം നടത്തുന്നത്. വിദ്യാലയങ്ങള്‍ നടത്തിയ വ്യാപന സാധ്യതയുള്ള പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കാന്‍ പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ സര്‍വശിക്ഷാ അഭിയാന് മികവുത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ സംസ്ഥാന മികവുത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സെമിനാറില്‍ ഈ പ്രവര്‍ത്തനം വിദ്യാലയം പങ്കുവയ്ക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സംസ്ഥാന മികവുത്സവത്തിലേക്ക് ഇസ്സത്തുല്‍ തിരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാലയ പരിധിയെ അഞ്ച് മേഖലകളാക്കി തിരിച്ചാണ് വീട്ടുമുറ്റങ്ങളിലെ മികവുത്സവങ്ങള്‍ നടന്നു വരുന്നത്. ഓരോ മേഖലയിലും ഏതെങ്കിലും ഒരു വീട്ടില്‍ ആ പ്രദേശത്തുള്ളവരെല്ലാം ഒത്തുചേരുന്നു. വൈകുന്നേരങ്ങളിലാണ് കൂടിച്ചേരല്‍.
പ്രോജക്ടറും സ്ക്രീനുമൊക്കെയായാണു അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും വരവ്. പഠന മികവുകളും പിന്നിടുന്ന അധ്യയന വര്‍ഷത്തില്‍ വിദ്യാലയം നേടിയെടുത്ത നേട്ടങ്ങളും അവരുമായി പങ്കുവയ്ക്കുന്നു. ഒരു കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഈ വിദ്യാലയത്തില്‍ ഇന്നു പ്രീ പ്രൈമറി ഉള്‍പ്പെടെ 303 കുട്ടികളാണ് പഠനത്തിനെത്തുന്നത്.
'വിദ്യാലയം സമൂഹത്തിലേക്ക്, സമൂഹം വിദ്യാലയത്തിലേക്ക് ' മുദ്രാവാക്യവുമായി അഞ്ചു വര്‍ഷം മുന്‍പ് നടപ്പിലാക്കിയ 'കിളിക്കൊഞ്ചല്‍' പഠന പദ്ധതിയിലൂടെയാണ് ഈ വിദ്യാലയം മുന്നേറിയത്. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള ആഘോഷങ്ങള്‍, രക്ഷിതാക്കളുടെ കൂട്ടായ്മയോടെയുള്ള പഠന മുന്നേറ്റം, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള കലാ കായിക പരിശീലനങ്ങള്‍, സമൂഹത്തെ ശക്തിപ്പെടുത്തല്‍ എന്നിവയെല്ലാം വിദ്യാലയത്തിന്റെ മുന്നേറ്റത്തിനു സഹായകമായി. ഈ മികവുകളും ഇന്നു തിരുവനന്തപുരത്തെ ദേശീയ സെമിനാറില്‍ പങ്കുവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."