രോഗികള്‍ ചോദിക്കുന്നു, ലാബ് ടെക്നിഷ്യന്‍ വരുമോ..?
പെര്‍ള: ജില്ലയില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള എന്മകജെ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യനില്ലാത്തതു രോഗികള്‍ക്ക് ദുരിതമാകുന്നു. പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇവിടെ ലാബ് ടെക്നിഷ്യനില്ലാത്തതു കാരണം വിവിധ പരിശോധനകള്ക്കായെത്തുന്നവര് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
നേരത്തെ ഇവിടെ ലാബ് ടെക്നിഷ്യനായിരുന്ന ജീവനക്കാരി പ്രസവാവധിയിലായതിനാലാണ് ഈ തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. ഇവര്‍ അവധിയില്‍ പോയപ്പോള്‍ പകരം ആളെ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാവാത്തതാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരടക്കമുള്ള തന്നെ രോഗികള്‍ക്കിടയില്‍ ദുരിതം തീര്‍ക്കുന്നതെന്നാണ് ആരോപണം.
ലാബ് പരിശോധനകള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണമെന്ന അവസ്ഥ വന്നതോടെ പാവപ്പെട്ട രോഗികളില്‍ പലരും ഇത്തരം പരിശോധനകള്‍ ഒഴിവാക്കി ഗുളികളും മരുന്നുകളുമായി തൃപ്തിപ്പെടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുമ്പോഴും ഇവിടുത്തെ ആശുപത്രികളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുവാനോ ഒഴിഞ്ഞു കിടക്കുന്ന തസ്തികയില്‍ പകരം സംവിധാനം ഉണ്ടാക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യന്റെ ഒഴിവുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആശുപത്രി വികസന സമിതി വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടി അടിയന്തരമായി കൈകൊള്ളുമെന്ന സ്ഥിരം മറുപടിയാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."