ഭരണവൈകല്യങ്ങള്‍ തുറന്നുപറഞ്ഞ് എ.ഐ.വൈ.എഫിന്റെ സമരം
പൊന്നാനി: പൊന്നാനി നഗരസഭയുടെ ഭരണവൈകല്യങ്ങളും അഴിമതിയും തുറന്ന് കാണിച്ച് എ ഐ.വൈ.എഫ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ സ്വന്തക്കാര്‍ക്ക് വീതംവച്ചു, മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇരുപതിലധികം നിയമനങ്ങള്‍ നടത്തി, കരാറുകാര്‍ തമ്മില്‍ ഒത്തുകളിച്ച് ലക്ഷങ്ങള്‍ അഴിമതി നടത്താന്‍ ഭരണസമിതി കൂട്ടുനില്‍ക്കുന്നു, രണ്ട് ഓഫിസുകളിലായുള്ള നഗരസഭയുടെ പ്രവര്‍ത്തനം നാട്ടുകാരെ വട്ടംചുറ്റിക്കുന്നു എന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളുമായാണ് എ.ഐ.വൈ.എഫ് രംഗത്തു വന്നിരിക്കുന്നത്.
ചൂണ്ടിക്കാട്ടുന്ന വീഴ്ചകള്‍ അംഗീകരിക്കുന്ന ഇടതുപക്ഷത്തിലെ പല നേതാക്കളും തങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കുന്നുണ്ടെന്നും എ.ഐ.വൈ.എഫ് മുനിസിപ്പല്‍ കമ്മിറ്റി അവകാശപ്പെട്ടു. ഇന്നലെ നഗരസഭാ കാര്യാലയത്തിനു മുന്‍പില്‍ വിവിധ മേഖലകളിലുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് എ.ഐ.വൈ.എഫ് 'ഞങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുപറയുമെന്ന' സമരം നടത്തിയത് . വ്യക്തിഗത ആനുകൂല്യങ്ങള്‍ പലര്‍ക്കായി വീതംവച്ചു നല്‍കിയതിന്റെ തെളിവുകള്‍ ഉള്‍പ്പെടെയാണ് ഇവര്‍ പൊതുജനത്തിനു മുന്‍പില്‍ അവതരിപ്പിച്ചത് .
നഗരസഭയില്‍ നടത്തിയ 24 നിയമനങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയും വ്യക്തമായ തെളിവുകളോടെയാണ് അവതരിപ്പിക്കുന്നതെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ സമദ് സമരം ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ വീതംവച്ച് നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് എ.ഐ.വൈ.എഫ് സമരം നടത്തിയത്. 'ഇതല്ല സഖാവെ ഇടതുപക്ഷം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ ഭരണ സമിതിയുടെ നയവൈകല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞത്.
പ്രതിഷേധം സി.പി.എമ്മിനെതിരേയല്ലെന്നും ഭരണ സമിതിയുടെ തെറ്റായ നയങ്ങള്‍ക്കെതിരേയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ.കെ സമദ് പറഞ്ഞു. എഐ.വൈ.എഫ് ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍ സിറാജുദ്ദീന്‍ വിശദീകരണ പ്രസംഗം നടത്തി. ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരമാണ് നഗരസഭയില്‍ നടക്കുന്നതെന്ന് സിറാജുദീന്‍ പറഞ്ഞു. അനീഷ് ശുകപുരം, അഭിലാഷ്, സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."