2ജി സ്‌പെക്ട്രം അഴിമതി: രാജക്കും കനിമൊഴിക്കും നോട്ടിസ്
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളായ ഡി.എം.കെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ എ. രാജ, പാര്‍ട്ടി എം.പി കനിമൊഴി എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള 14 പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.പി ഖാര്‍ഗ് ആണ് നോട്ടിസ് അയച്ചത്. കേസ് ഓഗസ്റ്റ് 10നു വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി പ്രതികള്‍ സത്യവാങ്മൂലം നല്‍കണം. ഇന്നലെ കേസ് പരിഗണിക്കവെ കേസില്‍ വിവിധ കുറ്റപത്രങ്ങളുണ്ടെന്നും അവ വായിച്ചുതീര്‍ക്കാന്‍ സമയം എടുക്കുമെന്നും അതിനാല്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി 75 ദിവസം നീട്ടിനല്‍കിയത്.
അതിനിടെ ഇന്നലെ കേസ് പരിഗണിക്കവെ 2ജി സ്‌പെക്ട്രം അഴിമതി രാജ്യത്തിനു നാണക്കേടാണെന്നും ചരിത്രപരമായ നഷ്ടമാണ് അതിലൂടെ രാജ്യത്തിനുണ്ടായതെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ കൂടുതല്‍ സമയം ചോദിക്കുന്നത് കേസ് മനഃപൂര്‍വം വൈകിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും സി.ബി.ഐക്കു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."