തുല്യനീതിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്ക്: സുധീരന്‍
തിരുവനന്തപുരം: തലശ്ശേരിയില്‍ ദലിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം നേതാക്കളും അവരുടെ ആജ്ഞാനവര്‍ത്തികളായ പൊലിസ് ഉദ്യോഗസ്ഥരും തട്ടിക്കൂട്ടിയ കള്ളക്കഥകള്‍ അതേപടി ആവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ നിലപാട് ആ സ്ഥാനത്തിലിരിക്കുന്ന ആര്‍ക്കും യോജിച്ചതല്ലെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
സഹോദരിമാരുടെ അറസ്റ്റ്, ജാമ്യം തുടങ്ങിയ എല്ലാകാര്യങ്ങളിലും സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി തന്നില്‍നിന്നു ആരും നീതി പ്രതീക്ഷിക്കണ്ട എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. തുല്യനീതി എല്ലാവര്‍ക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതോടെ വെറുംവാക്കായി മാറി.
സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലനാകുന്ന പിണറായി വിജയന്റെ സ്ത്രീ സുരക്ഷയും ദലിത് സുരക്ഷയും ഇതാണോയെന്ന് വ്യക്തമായ മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഫാസിസ്റ്റ് ശൈലിയെ പ്രതിരോധിക്കുമെന്ന് പറയുന്ന സീതാറാം യെച്ചൂരിക്ക് ആത്മാര്‍ഥയുണ്ടെങ്കില്‍ സ്വന്തം അണികളുടെ അസഹിഷ്ണുത ഇല്ലാതാക്കാന്‍ ശ്രമിക്കണം.ഫാസിസത്തിന് എതിരായി ആഹ്വാനം ചെയ്ത സീതാറാം യെച്ചൂരി മറ്റുള്ളവരുടെ സംഘടന പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ തയാറാകുമോയെന്നും സുധീരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."