തിരിച്ചടി തിരിച്ചറിഞ്ഞ് അമിത് ഷാ; എസ്.പി- ബി.എസ്.പി സഖ്യം കടുത്ത ഭീഷണി
ലഖ്‌നൗ: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ ബി.ജെ.പി. 2014ലുണ്ടായ തെരഞ്ഞെടുപ്പിലെ മോദി മാജിക്കും അതുവഴിയുണ്ടായ അനായാസ വിജയവും 2019ല്‍ ആവര്‍ത്തിക്കില്ലെന്ന യാഥാര്‍ഥ്യം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും സമ്മതിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്നാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അമിത്ഷാ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്. അതേസമയം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യു.പിയിലെ അമേത്തി, റായ്ബറേലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നു. മാറിയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.
എസ്.പിയും ബി.എസ്.പിയും യോജിച്ചാല്‍ ബി.ജെ.പിക്ക് വലിയ വെല്ലുവിളിയായിരിക്കും. മോദി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യം തുടരാനാണ് ബി.ജെ.പി താല്‍പര്യപ്പെടുന്നത്. എന്നാല്‍ അവര്‍ സഖ്യത്തില്‍ നിന്ന് പുറത്തുപോകുമെന്നാണ് പ്രഖ്യാപിച്ചത്. ശിവസേനയുമായി ചേര്‍ന്ന് പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന ബി.ജെ.പിയുടെ താല്‍പര്യത്തോട് അവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ മുന്നണിയില്‍ നിന്ന് വിട്ടുപോകുകയാണെങ്കില്‍ അത് അവരുടെ താല്‍പര്യം. ഏത് സാഹചര്യത്തെ നേരിടാനും ബി.ജെ.പി ഒരുക്കമാണെന്നും അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട സീറ്റുകള്‍ നേടാനും ബി.ജെ.പിക്ക് കഴിയുമെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."