കിണറ്റില്‍ വീണ രണ്ടുവയസുകാരന് ജ്യേഷ്ഠന് തുണയായി
മഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തിയത് ജ്യേഷ്ഠനായ നാലാം ക്ലാസുകാരന്. മഞ്ചേരി വട്ടപ്പാറ പൂഴിക്കുത്ത് വീട്ടില്‍ അബ്ദുല്‍ മജീദ് -ഫാത്തിമ സുഹ്റ ദമ്പതികളുടെ ഇളയ മകനായ രണ്ടുവയസുകാരന് മുഹമ്മദ് ശാദിനെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ശാമില്‍ അല്‍ഭുതകരമായി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.30ടെയാണ് സംഭവം.
ശാദിന് വീട്ടുമുറ്റത്തെ കിണറിലേക്കു വീഴുന്നത് കണ്ട് വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരി ഷാദിയ കരയുന്നത് കേട്ടാണ് മൂത്ത സഹോദരനായ ശാമില്‍ ഓടിയെത്തിയത്. പടവുകളോടെയുള്ള കിണറാണെങ്കിലും പടവിനു സമീപത്തുണ്ടായിരുന്ന കല്ലില്‍ കയറിയാണ് രണ്ടുവയസുകാരന് കിണറില്‍ വീണത്.
കൊച്ചനുജന് വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട ശാമില്‍ കയറില്‍ പിടിച്ച് പതിയെ കിണറില്‍ ഇറങ്ങുകയായിരുന്നു. മുങ്ങി പൊങ്ങികൊണ്ടിരുന്നു അനുജന്റെ കൈ പിടിച്ചു കിണറിലെ വെള്ളം കുറഞ്ഞ ഭാഗത്തേക്കാക്കി സുരക്ഷിതമായി നിര്‍ത്തി. അപ്പോഴേക്കും നാട്ടുകാരുമെത്തി. മഞ്ചേരി അഗ്നിശമന സേനയെ വിവരമറിയിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ അതിനു മുന്‍പെ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശാമിലിനായി. ഇരുപത് മിനിട്ടു കൊണ്ട് ശാമില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കാരണം വലിയ അപകടത്തില്‍ നിന്നു രണ്ടു വയസുകാരനെ രക്ഷപ്പെടുത്താനായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശാദിനെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്കി. രക്ഷാപ്രവര്‍ത്തനം നടത്തിയ ശാമിലിന്റെ കൈക്കു ചെറിയ മുറിവുപറ്റിയെങ്കിലും കൊച്ചനിയനെ വലിയ ദുരന്തമുഖത്തുനിന്നു രക്ഷപ്പെടുത്താനായതിന്റെ നിര്‍വൃതിയിലാണ് ശാമില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."