1 എം.ഡി.ബി അഴിമതി അന്വേഷണം: മലേഷ്യയില്‍ 29 മില്യന്‍ ഡോളര്‍ പിടിച്ചെടുത്തു
ക്വലാലംപൂര്‍: അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖുമായി ബന്ധപ്പെട്ട സ്വത്തുക്കളില്‍ നിന്ന് 29 മില്യന്‍ ഡോളര്‍ പിടിച്ചെടുത്തു. 1 എം.ഡി.ബി പദ്ധതിയുമായി ബന്ധപ്പെട്ടാണ് നജീബ് റസാഖ് അന്വേഷണം നേരിടുന്നത്. ഡോളറുകള്‍ക്ക് പുറമെ 37 ബാഗ് ആഭരണങ്ങള്‍, വാച്ചുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.
എന്നാല്‍ ഇവയുടെ വില പൊലിസ് കണക്കാക്കിയിട്ടില്ല. 22 ബാങ്ക് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി പണം എണ്ണിത്തിട്ടപ്പെടുത്തുകയാണെന്നും 26 കറന്‍സികള്‍ പിടിച്ചെടുത്തവയിലുണ്ടെന്നും അന്വേഷണം നടത്തുന്ന പൊലിസ് മേധാവി അമര്‍ സിങ് പറഞ്ഞു. ക്വലാലംപൂരിലെ നജീബ് റസാഖുമായി ബന്ധമുള്ള കെട്ടിടത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ബാഗുകള്‍ കറന്‍സികള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിക്കാനുപയോഗിക്കുന്ന ആള്‍പാര്‍പ്പില്ലാത്ത കെട്ടിടമാണിത്. 35 ബാഗുകളിലായാണ് പണമുണ്ടായിരുന്നതെന്ന് അമര്‍ സിങ് പറഞ്ഞു.
1എം.ഡി.ബി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നാല് ബില്യന്‍ ഡോളറിന്റെ അഴിമതിയില്‍ നജീബ് റസാഖിന് പങ്കുണ്ടെന്നാണ് ആരോപണം. മലേഷ്യയുടെ വികസനത്തിനായുള്ള പദ്ധതിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍ നിക്ഷേപം നടത്തിയിരുന്നു. 681 ഡോളര്‍ നജീബ് റസാഖ് വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി 14 മണിക്കൂറോളം നജീബ് റസാഖിനെ അഴിമതി വിരുദ്ധ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. നജീബ് റസാഖിന്റെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."