ദുരിതം വിതച്ച് വീണ്ടും ഗെയില്‍ പ്രവൃത്തി
മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പ്രവൃത്തി ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നു.
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ കെ.എം.സി.ടി ആശുപത്രി റോഡ് പദ്ധതിയുടെ പേരില്‍ വെട്ടിപ്പൊളിച്ചത് രോഗികള്‍ അടക്കമുള്ള നിരവധി പേരെയാണ് പ്രയാസത്തിലാക്കുന്നത്. നിരവധി ആളുകള്‍ നിത്യേന ആശ്രയിക്കുന്ന ഈ റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത് കാല്‍നട യാത്രക്കാര്‍ക്കൊപ്പം വാഹനയാത്രക്കാര്‍ക്കും വലിയ ദുരിതമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായി മാറിയതോടെ ദുരിതം ഇരട്ടിയായി. ഇതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയടക്കമുള്ളവയും ഇവിടെ അപകടത്തില്‍പെടുന്നതും പതിവായിരിക്കുകയാണ്. കെ.എം.സി.ടിയിലെ അത്യാഹിത വിഭാഗങ്ങളിലേക്കടക്കം രോഗികളുമായി പോകുന്ന റോഡാണിത്. റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഗെയില്‍ പദ്ധതി മലയോര മേഖലയില്‍ ഇഴഞ്ഞുനീങ്ങുന്നത് നിരവധി ജനങ്ങള്‍ക്കാണ് ദുരിതമാകുന്നത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളെ പോലും വകവയ്ക്കാതെ നടക്കുന്ന പ്രവൃത്തി പലയിടങ്ങളിലും അശാസ്ത്രീയമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."