കൃഷി നാശം, മരങ്ങള്‍ കടപുഴകി ; നീലഗിരിയില്‍ കാലവര്‍ഷം ശക്തം
ഗൂഡല്ലൂര്‍: നീലഗിരിയില്‍ കാല വര്‍ഷം ശക്തമായതോടെ നാശനഷ്ടങ്ങളും തുടങ്ങി. കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷിനാശവും ജില്ലയിലെ വിവിധയിടങ്ങളില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നീലഗിരി ജില്ലയില്‍ 538 മി.മീറ്റര്‍ മഴയാണ് പെയ്തത്.
ശക്തമായ മഴയിലും കാറ്റിലും ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ വന്‍ മരങ്ങള്‍ കടപുഴകി ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ മേല്‍ ഗൂഡല്ലൂര്‍ മേല്‍ ഗൂഡല്ലൂര്‍ ശനിഭഗവാന്‍ ക്ഷേത്രത്തിന് സമീപമാണ് മരങ്ങള്‍ റോഡിലേക്ക് വീണത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൂടാതെ ചെമ്പാല-ഈട്ടിമൂല പാതയിലും മരം വീണ് ഗതാഗത തടസം നേരിട്ടു. പന്തല്ലൂര്‍ ഏലമണ്ണയില്‍ കര്‍പ്പൂര മരം വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. തോട്ടമൂല സ്വദേശി തങ്കത്തിന്റെ വീട് സംരക്ഷണ ഭിത്തിയും നടപ്പാതയും തകര്‍ന്നിട്ടുണ്ട്. ഗൂഡല്ലൂര്‍ ധര്‍മഗിരിയിലും ഓവാലി പഞ്ചായത്തിലെ ബാരത്തിലും വൈദ്യുതി കമ്പിയിലേക്ക് മരം വീണ് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. തുറപ്പള്ളി ഇരുവയല്‍ ആദിവാസി കോളനിയില്‍ ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള റവന്യു വകുപ്പ് സംഘവും വനം വകുപ്പ് സംഘവും സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ പി ശങ്കറിന്റെ ഉത്തരവ് പ്രകാരമാണ് സന്ദര്‍ശനം നടത്തിയത്. വീടുകളില്‍ വെള്ളം കയറിയാല്‍ ഉടനെ റവന്യുവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദിവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."