ഫിനാലെ @ കീവ് യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്
കീവ്: ത്രില്ലര്‍ പോരാട്ടങ്ങളിലൂടെ വിജയം സ്വന്തമാക്കി കലാശപ്പോരിനെത്തിയ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്ന് അതിലും മികച്ചൊരു ഫുട്‌ബോള്‍ കാഴ്ചയൊരുക്കാന്‍ ഒരുങ്ങുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന് ഉക്രൈനിലെ കീവില്‍ അരങ്ങേറും. ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികളുടെ കണ്ണുകള്‍ക്ക് വിശ്രമിക്കാന്‍ ഇടം ലഭിച്ചേക്കില്ല.
ഒരിടവേളയ്ക്ക് ശേഷമാണ് ലിവര്‍പൂള്‍ കലാശപ്പോരിനെത്തുന്നത്. റയലാകട്ടെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന അനുപമ നേട്ടത്തിന് തൊട്ടരികിലാണ്. കഴിഞ്ഞ രണ്ട് തവണയും ഏകപക്ഷീയമായി തന്നെ കിരീടം സ്വന്തമാക്കിയ സ്പാനിഷ് കരുത്തര്‍ക്ക് പക്ഷേ ഇന്ന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുടെ കരുത്തില്‍ അസാമാന്യ മുന്നേറ്റമാണ് ലിവര്‍പൂള്‍ നടത്തുന്നത്. 90 മിനുട്ടും ഇടതടവില്ലാതെ ആക്രമിക്കുക എന്ന തന്ത്രം സമര്‍ഥമായി തന്നെ ചെമ്പട കളത്തില്‍ നടപ്പാക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ തന്നെയാണ് റയലിന്റെ വിശ്വാസം. ടോണി ക്രൂസ്- ലൂക്ക മോഡ്രിച് സഖ്യം അണിനിരക്കുന്ന മധ്യനിരയുടെ ഭാവനാ സമ്പന്നതയും അവരുടെ പോസിറ്റീവ് വശമാണ്. മറുഭാഗത്ത് യൂറോപ്പിലെ പുതിയ വിസ്മയം ഈജിപ്തിന്റെ മുഹമ്മദ് സലാഹ്- സാദിയോ മാനെ- റോബര്‍ട്ടോ ഫിര്‍മിനോ ത്രയത്തിന്റെ മാരക ഫോമാണ് ലിവര്‍പൂളിന്റെ കരുത്ത്. ഈ മൂന്ന് താരങ്ങളും കളം നിറഞ്ഞ് കളിക്കുന്നതാണ് ലിവര്‍പൂളിന്റെ ഹൈലൈറ്റ്. എതിര്‍ ടീമിന് തലവേദനയുണ്ടാക്കാന്‍ പാകത്തിലാണ് ഇവരുടെ കളത്തിലെ സഞ്ചാരങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. മൂന്ന് പേരും ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കര്‍.
ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയവരാണ് റയല്‍ മാഡ്രിഡ്. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി കിരീടം കൈവശം വയ്ക്കുന്ന അവര്‍ മൂന്നാം കിരീടവും മൊത്തം 13ാം ചാംപ്യന്‍പട്ടവുമാണ് ലക്ഷ്യം വയ്ക്കുന്നത്. നേരത്തെ അഞ്ച് തവണ കിരീടത്തില്‍ മുത്തമിട്ട ലിവര്‍പൂള്‍ അവസാനമായി 2005ലാണ് ചാംപ്യന്‍മാരായത്. അന്ന് എ.സി മിലാനെതിരേ മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടി 3-2ന് വിജയിച്ചാണ് ലിവര്‍പൂള്‍ അവസാനമായി യൂറോപ്പിലെ ചക്രവര്‍ത്തി പദവി സ്വന്തമാക്കിയത്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം യുര്‍ഗന്‍ ക്ലോപിന്റെ തന്ത്രങ്ങളുമായി അവര്‍ സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡിനെ എപ്രകാരം മെരുക്കും എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."