ഒരുങ്ങി വരും ഒതുക്കി നിര്‍ത്താന്‍... ലോകകപ്പ് ആവേശം ഏറ്റുവാങ്ങി മലപ്പുറം
കൊണ്ടോട്ടി: മഞ്ഞക്കിളികള്‍ എത്ര ഉയരത്തില്‍ പറന്നാലും അത് നീലാകാശത്തിന് താഴെ മാത്രം...., കാലിടറിയിട്ടുണ്ട്...കരങ്ങള്‍ തളര്‍ന്നിട്ടുണ്ട്...കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്...പക്ഷെ കാനറികള്‍ തകര്‍ന്നിട്ടില്ല...ചങ്കാണ് നെയ്മര്‍ ചങ്കിടിപ്പാണ് ബ്രസീല്‍.....
ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇതുവരെ ഫൈനലില്‍ വന്നിട്ടില്ലെന്നത് ചരിത്രം. എന്നാല്‍ മലപ്പുറത്തിന്റെ മണ്ണില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഫ്‌ളക്‌സ് ബോര്‍ഡിലൂടെ മത്സരിച്ചു തുടങ്ങി. ലോകകപ്പ് ഫുട്‌ബോളിന് ദിവസങ്ങള്‍ മാത്രമിരിക്കെ മലപ്പുറത്തിന്റെ മണ്ണില്‍ ഫുട്‌ബോള്‍ ആവേശത്തിന് വിസില്‍ മുഴങ്ങി. ലോകകപ്പില്‍ മുത്തമിടാനെത്തുന്ന ഫുട്‌ബോള്‍ ടീമുകളെ മതിമറന്ന് സ്‌നേഹിക്കുന്ന കാല്‍പന്തുകളി പ്രേമികള്‍ ടീമുകള്‍ക്ക് ഫ്‌ളക്‌സുകളുയര്‍ത്തി തങ്ങളുടെ ആവേശം വാനോളമുയര്‍ത്തുകയാണ്.
ലോകകപ്പ് ഫുട്‌ബോള്‍ ടീമുകളുടെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ചിത്രവും നെഞ്ചിനുളളിലെ ആവേശം അക്ഷരങ്ങളാക്കിയുമാണ് മത്സരിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു വരുന്നത്. ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങള്‍ വരെ ലോകകപ്പ് ആവേശം നിറച്ച ഫ്‌ളക്‌സ് ബോര്‍ഡുകളാണ് ഉയരുന്നത്. ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ക്കാണ് മലപ്പുറത്ത് ഇഷ്ടക്കാര്‍ ഏറെയുളളത്. ജര്‍മ്മനി, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍ തുടങ്ങിയവര്‍ക്കും ഫാന്‍സ് കുറവല്ല.
ആവേശം നിറക്കുന്ന വാചകങ്ങളാണ് ബോര്‍ഡുകളില്‍ നിറയുന്നത്. ഒരുങ്ങി വന്നാല്‍ ഒതുങ്ങി നിന്നോണം അല്ലെങ്കില്‍ ഒരുങ്ങി വരും ഒതുക്കി നിര്‍ത്താന്‍..എന്ന് അര്‍ജന്റീന പറയുമ്പോള്‍, കാലം ആശാനെന്ന് പേരിട്ട് വിളിച്ച മാനേജര്‍ ടിറ്റയും കൂട്ടരും ചങ്ങലക്കെട്ടഴിച്ച് വരുന്നു പടകൂറ്റന്‍ പട ബ്രസീല്‍... എതിര്‍ ടീമുകളെ അക്ഷരങ്ങള്‍ കൊണ്ട് ചാട്ടുളിയെറിഞ്ഞ് ഒളിഞ്ഞും തെളിഞ്ഞും മുറിവേല്‍പ്പിക്കാനും ഫാന്‍സുകാര്‍ മത്സരിക്കുന്നു. ടീമുകളുടെ ജെഴ്‌സിയുടെ നിറം തന്നെ ബോര്‍ഡുകള്‍ക്ക് നല്‍കിയും ലോക രാജ്യങ്ങളുടെ കൊടിയുയര്‍ത്തിയും ആവേശം ഉയര്‍ത്തുന്നവരുമുണ്ട്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇനി ഗോളും ഫ്രീ കിക്കും പെനാല്‍റ്റിയും മെസ്സിയും ക്രിസ്റ്റ്യാനോയും മുഹമ്മദ് സലാഹും മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."