പ്രയാസങ്ങളും പരിഭവങ്ങളുമില്ല, റമദാന്‍ ധന്യമാക്കി തണല്‍ കുടുംബം
എടച്ചേരി: തണല്‍ അഗതിമന്ദിരത്തിലെ ഒരുകൂട്ടം അന്തേവാസികളായ ഉമ്മമാര്‍, അടിയുറച്ച വിശ്വാസം നല്‍കുന്ന കരുത്തില്‍ അവര്‍ക്ക് മറ്റൊന്നും പ്രശ്‌നമല്ല. പ്രയാസങ്ങള്‍ പലതുണ്ടെങ്കിലും റമദാനിലെ 30 നോമ്പുമെടുക്കാനാണ് ഇവരുടെ തീരുമാനം. ഞങ്ങളെത്തുമ്പോള്‍ ളുഹര്‍ നിസ്‌കാരത്തിന് നിസ്‌കാരക്കുപ്പായമണിഞ്ഞ് ബാങ്കു വിളിക്കായി കാത്തു നില്‍ക്കുകയായിരുന്നു മലപ്പുറം ചെമ്മങ്കടവ് സ്വദേശിനിയായ ആമിനയുമ്മയും കൂട്ടരും.
കോഴിക്കോട് ക്രസന്റ് അഗതിമന്ദിരം പൂട്ടാനിരിക്കെ എടച്ചേരി തണല്‍ ജീവനക്കാരാണ് ആമിനയെ എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ എത്തിച്ചത്. അന്ന് അവരുടെ ഉമ്മയും കൂടെയുണ്ടായിരുന്നു. ഉമ്മ മരിച്ചതോടെ ഇവര്‍ക്കു സ്വന്തമെന്നു പറയാന്‍ ആരുമില്ല. കല്യാണം കഴിഞ്ഞയുടന്‍ ഒഴിവാക്കിപ്പോയ ഭര്‍ത്താവിനെ കുറിച്ചും ഇവര്‍ക്ക് കൂടുതലൊന്നും പറയാനില്ല. ഇപ്പോള്‍ തണലാണ് വീട്. ഇവിടുത്തെ ജീവനക്കാരാണ് ബന്ധുക്കള്‍.
ആമിനയുമ്മ മാത്രമല്ല, കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലെ ഖദീജ, മലപ്പുറം കോട്ടൂരിലെ സുലൈഖ, പേരാമ്പ്ര സ്വദേശിനി കുഞ്ഞാമി, സമീറ തുടങ്ങി നിരവധി പേരുണ്ട് തണലിന്റെ കാരുണ്യത്തില്‍ റമദാനിനെ ധന്യമാക്കുന്നവര്‍. നോമ്പ് എല്ലാമെടുത്തോ എന്ന ചോദ്യം കേട്ടപ്പോള്‍ ഓരോരുത്തരും വലതുകൈയിലെ ചെറുവിരല്‍ മുതല്‍ മടക്കി എണ്ണാന്‍ തുടങ്ങി. ഏഴാമത്തെ നോമ്പും യാതൊരു ബുദ്ധിമുട്ടും കൂടാതെ നോറ്റുവീട്ടിയ സന്തോഷമാണ് എല്ലാവരുടെ മുഖത്തും.
ഒരേ വീട്ടിലെ കുടുംബാംഗങ്ങളെ പോലെ നോമ്പ് തുറ വിഭവങ്ങളൊരുക്കിയ മേശയ്ക്കു ചുറ്റും അവരിരുന്നു. മഗ്‌രിബ് ബാങ്കിന്റെ മന്ത്രധ്വനികള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ അടയാളമേതും അവരിലുണ്ടായിരുന്നില്ല. കാരക്കയും കുഞ്ഞിപ്പത്തിരിയും തരിക്കഞ്ഞിയും തുടങ്ങി വേണ്ട വിഭവങ്ങളൊക്കെ തണല്‍ ജീവനക്കാര്‍ അവര്‍ക്കായി ഒരുക്കിയിരുന്നു.
തണലിലെ ജീവിതത്തിനിടയിലും ഒരു നേരത്തെ നിസ്‌കാരമോ, റമദാനിലെ നോമ്പോ ഒഴിവാക്കിയിട്ടില്ലെന്നാണ് എല്ലാവരും പറയുന്നത്. അസുഖത്തിനു ഡോക്ടര്‍ കുറിച്ചു കൊടുത്ത മരുന്നുകള്‍ കൃത്യമായി കഴിക്കും.
ഇവര്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനും ഇടയിലെ ഭക്ഷണവുമൊക്കെ നല്‍കി എല്ലാവിധ സഹായങ്ങളും നല്‍കാന്‍ തണല്‍ ജീവനക്കാര്‍ നിറഞ്ഞ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."