നിപാ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടുനിന്ന് ആലപ്പുഴയിലേക്ക് വന്നവര്‍ക്കോ ഇവിടെ നിന്ന് അവിടേയ്ക്ക് പോയി തിരിച്ചുവന്നവര്‍ക്കോ പനിയോ മറ്റു അസുഖങ്ങളോ ഉണ്ടെങ്കില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പനി, ശക്തമായ തലവേദന, കടുത്ത ജലദോഷം, കടുത്ത ചുമ, മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കിലും ആശുപത്രിയില്‍ ചികിത്സിക്കണം.
ആശുപത്രിയില്‍ പോകുമ്പോള്‍ കഴിവതും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കണം. രോഗിയുടെ കൂടെ പോകുന്നവരും മാസ്‌ക്മൂന്നായി മടക്കിയ തൂവാലയോ ഉപയോഗിക്കണം. ആശുപത്രിയിലെത്തുമ്പോള്‍ മറ്റു രോഗികളുമായി സമ്പര്‍ക്കം വരാതെ നേരിട്ട് ഡോക്ടറെ കാണണം.
ഡോക്ടര്‍ പരിശോധിച്ച് മടക്കി അയക്കുന്നവര്‍ വീട്ടിലും മാസ്‌ക് മൂന്നായി മടക്കിയ തൂവാല ഉപയോഗിക്കണം. ഉപയോഗശേഷം അണുനാശിനി ഉപയോഗിച്ച് ഇത് നശിപ്പിക്കണം.
മാസ്‌ക് മാറ്റുമ്പോളും അല്ലാതെയും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. രോഗി ഉപയോഗിച്ച പാത്രങ്ങളും തുണികളും സോപ്പുപയോഗിച്ച് കഴുകണം.
രോഗി കഴിവതും ഒരു മുറിയില്‍ തന്നെ വിശ്രമിക്കുക. ഒരാള്‍ തന്നെ രോഗിയെ പരിചരിക്കുക.
ധാരളം വെള്ളവും കുടിച്ചുകൊണ്ടിരിക്കുക. ജനങ്ങള്‍ രോഗികളെ ആശുപത്രികളിലോ വീടുകളിലോ പോയി കാണുന്നത് ഒഴിവാക്കണം.പനി ഉണ്ടായാല്‍ സ്വയം ചികിത്സ പാടില്ല.
തുമ്മുമ്പോളും ചുമയ്ക്കുമ്പോളും തൂവാല ഉപയോഗിക്കുക. കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കുന്നതൊഴിവാക്കുക. ഈ മുന്‍കരുതലുകള്‍ എല്ലാ പകര്‍ച്ച പനികള്‍ക്കും സ്വീകരിക്കേണ്ടവയാണ്.
പനിയുള്‍പ്പടെയുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നതാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.ഷീബ അറിയിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. വായുവിലൂടെയുള്ള രോഗ സംക്രമണം തടയാനായി ഓഫിസുകള്‍,ആശുപത്രികള്‍, ബാങ്കുകള്‍, സ്‌കൂളുകള്‍, പൊതുസ്ഥലങ്ങള്‍ സ്ഥലങ്ങളില്‍ ധൂപന പ്രതിരോധ ചൂര്‍ണങ്ങള്‍ പുകയ്ക്കുന്നത് നല്ലതാണ്. വ്യക്തികള്‍ക്കനുസരിച്ചുള്ള യുക്തമായ ആഹാര ശീലം അനുവര്‍ത്തിക്കണം. രോഗപ്രതിരോധ ശേഷിയുണ്ടാക്കിയെടുക്കണം. മഴക്കാലത്ത് ദഹനശക്തി കുറയുന്നതിനാല്‍ പെട്ടന്നു ദഹിക്കുന്നതും ചൂടുളളതും ദ്രവരൂപത്തിലുള്ളതുമായ ഭക്ഷണശീലം അനുവര്‍ത്തിക്കണം.
ചുക്ക്, കുരുമുളക് , ജീരകം, അയമോദകം,കൊത്തമല്ലി തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയും പാനീയങ്ങളും ഉപയോഗിക്കാം. മദ്യവും മറ്റു ലഹരി പദാര്‍ഥങ്ങളും ഒഴിവാക്കണം.
ജന്തുജന്യമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവയുമായി അകലം പാലിക്കുക. ജന്തുക്കളെ പരിചരിക്കുന്നതിന് മുന്‍പ് വേപ്പെണ്ണ കൈകാലുകളില്‍ പുരട്ടുക.
പരിചരണ ശേഷം ത്രിഫല, നാല്‍പ്പാമരം, മഞ്ഞള്‍, ആര്യവേപ്പ്, തുളസി, കൊന്നപ്പട്ട തുടങ്ങി ഔഷധ സസ്യങ്ങളിട്ട് തിളപ്പിച്ച വെള്ളത്തില്‍ കൈകാലുകള്‍ കഴുകുക. ജന്തുക്കളോ പക്ഷികളോ കഴിച്ച ഭക്ഷണമൊന്നും കഴിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."