മീനച്ചൂടില്‍ ആശ്വാസം പകരാന്‍ പനങ്കരിക്ക്
കോഴിക്കോട്: കുടിവെള്ള ക്ഷാമവും മീനച്ചൂടും ജില്ലയില്‍ ശക്തിയാര്‍ജിക്കുമ്പോള്‍ ആശ്വാസത്തിനായി പാലക്കാടന്‍ പനങ്കരിക്ക് കച്ചവടം പൊടിപൊടിക്കുകയാണ്. കോഴിക്കോട്ടെ പാതയോരങ്ങളിലായാണ് പനങ്കരിക്ക് വില്‍പനക്കാര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ, ചിറ്റൂര്‍ ഭാഗത്ത് നിന്നാണ് ഇവ പ്രധാനമായും കേരളത്തിലേക്കെത്തിക്കുന്നത്. നിരവധി ഔഷധ ഗുണമുള്ള പനങ്കരിക്ക് ചൂട് കാലത്ത് മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്ന തിരിച്ചറിവിലാണ് തമിഴ്‌നാട്ടുകാര്‍ ഇവിടേക്കെത്തുന്നത്.
കരിക്കിലെ ഇളം കായ്കളിലെ നൊങ്കിന് (കഴമ്പ്) ശരീരത്തെ ശീതീകരിക്കാനുള്ള കഴിവുണ്ട്. ഇതിനാല്‍ പനനൊങ്കിനെ 'ഐസ് ആപ്പിള്‍ ഓഫ് സൗത്ത് ' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതില്‍നിന്നു ലഭിക്കുന്ന ഔഷധ ഗുണമുള്ള വെള്ളം കേരളത്തില്‍ വില്‍ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വില്‍പനക്കാര്‍ പറയുന്നു. വയറുകടിയും അതിസാരവും മാറാനായി പനങ്കരിക്കിന്റെ കുഴമ്പ് മരുന്നായി കഴിക്കാറുണ്ട്. ചൂട് കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭക്ഷിച്ചാല്‍ ശരീരബലം കൂടുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗധര്‍ പറയുന്നത്.
പത്ത് കരിക്കുകളടങ്ങിയ മുപ്പതോളം കുലകള്‍ ദിവസവും വിറ്റഴിയുന്നുണ്ട്. ഒരു കരിക്കിന്റെ വില 20-25 രൂപയാണ്. ദിവസവും അയ്യായിരത്തോളം രൂപയുടെ കച്ചവടം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് വില്‍പനക്കാരനായ തമിഴ്‌നാട് സ്വദേശി അരുണാചലം സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."