അത്താണിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാള്‍ അറസ്റ്റില്‍
നെടുമ്പാശ്ശേരി: ആലുവ അങ്കമാലി ദേശീയപാതക്ക് സമീപം അത്താണി കുറുന്തിലത്തോട്ടില്‍ നിന്നും വ്യാഴാഴ്ച്ച കണ്ടെത്തിയ അജ്ഞാത മൃതദേഹം പറവൂത്തറ കുമാരമംഗലം ഈരയില്‍ ദാസന്റെ (62) താണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദാസന്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട് പറവൂര്‍ വഴിക്കുളങ്ങരയില്‍ വാടകക്ക് താമസിക്കുന്ന ചേന്ദമംഗലം തെക്കുംപുറം സ്വദേശി രാഗേഷാണ് (40) അറസ്റ്റിലായത്. കഴിഞ്ഞ മാസം 21 നാണ് ദാസനെ കാണാതായത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടും മുണ്ടും തന്നെയായിരുന്നു മൃതദേഹം കണ്ടെടുത്തപ്പോഴും ഉണ്ടായിരുന്നത്.
കാണാതായ ദിവസം ഉച്ചയ്ക്ക് ശേഷം ഒരു യുവാവിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം പറവൂര്‍, മാഞ്ഞാലി ഭാഗങ്ങളിലുള്ള സി.സി ടി.വി കാമറകളില്‍ നിന്നും അന്വേഷണത്തില്‍ നേരത്തേ കണ്ടെത്തിയിരുന്നു.
ഈ ദിവസം അത്താണി ഭാഗത്തെ മൊബൈല്‍ ടവര്‍ പരിധിയില്‍ പൊലീസ് കസ്റ്റഡിയിലുള്ള രാഗേഷും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അന്ന് പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ വിവരം ലഭിച്ചിരുന്നില്ല.
ഇപ്പോള്‍ മൃതദേഹം കണ്ടെടുത്തതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പെരുമ്പടന്നയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ രാഗേഷിന്റെ ഭാര്യയെ ജോലിക്ക് നിര്‍ത്തുന്നതിന് സഹായിച്ചത് ദാസനാണ്. ഇയാള്‍ നേരത്തെ മുതല്‍ ഈ വീട്ടിലെ ജോലിക്കാരനാണ്. അടുത്തിടെ ഇരുവരെയും ജോലിയില്‍ നിന്നും പറഞ്ഞുവിട്ടു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മരംവെട്ട് തൊഴിലാളിയായ രാഗേഷ് അത്താണിയിലെ തടി മില്ലുകളില്‍ വന്ന് മേഖലയുമായി പരിചയമുണ്ട്. ഇതുവഴിയാണ് കുറുന്തിലത്തോടിനെ കുറിച്ചും മനസിലാക്കിയത്. കഴുത്തിന് പിടിച്ച് ഞെരിച്ചതോടെ ദാസന്‍ ബോധരഹിതനായി. തുടര്‍ന്ന് വെള്ളത്തില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
രാഗേഷ് ആദ്യ ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയോടൊപ്പം താമസിച്ചു വരികയായിരുന്നു. പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഗേഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."