എന്‍ജിനീയര്‍മാര്‍ക്ക് ദുരന്തനിവാരണ പാഠങ്ങള്‍ പകര്‍ന്ന് കൊടുത്ത് പെരുമ്പാവൂര്‍ അഗ്‌നിശമന സേന
പെരുമ്പാവൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള പരോപകാരി എന്‍ജിനീയര്‍മാര്‍ക്ക് ദുരന്തനിവാരണ പാഠങ്ങള്‍ പകര്‍ന്ന് കൊടുത്ത് മാതൃകയായി പെരുമ്പാവൂര്‍ അഗ്‌നിശമന സേന വിഭാഗം. വെങ്ങോല സമൃദ്ധിഗ്രാമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റിസോഴ്‌സ് എന്‍.ജി.ഒ ആയ സോഷ്യല്‍ റീസര്‍ച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആള്‍ട്രൂയിസ്റ്റ്എന്‍ജിനീയര്‍മാരുടെ പരിശീലന പരുപാടിയിലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മോക്ക് ഡ്രില്‍ അവതരിപ്പിച്ചത്. ആളികത്തിക്കൊണ്ടിരുന്ന വലിയൊരു തീക്കൂമ്പാരം ആള്‍ട്രൂയിസ്റ്റ്എന്‍ജിനീയര്‍മാരുടെ മുമ്പില്‍ തത്സമയം അണച്ചുകൊണ്ടാണ് മോക്ഡ്രില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ പറഞ്ഞു തന്ന് ഗ്യാസ് സിലിണ്ടര്‍ തീപിടിപ്പിച്ച് അത് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെക്കൊണ്ട് അണപ്പിക്കാന്‍ പരിശീലിപ്പിച്ചു.
തൊഴില്‍ ലഭ്യതയ്ക്ക് സഹായകമാവുന്ന തരത്തില്‍ സംഘാടനം, പ്രൊജക്ട് മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍, ടീം വര്‍ക്ക്, മുതലായ സോഷ്യല്‍ സ്‌കില്‍, സോഫ്റ്റ് സ്‌കില്ലുകളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുകയും ഗാര്‍ഹികോപകരണങ്ങളുടെ റിപ്പയറിങില്‍ അടിസ്ഥാനപ്രാവീണ്യം ലഭിക്കുന്ന തരത്തില്‍ ക്യാംപുകളും അവയുടെ പ്രയോഗത്തിനായി ഗ്രാമീണതലത്തിലുള്ള പ്രായോഗിക പരിശീലനവും ആള്‍ട്രൂയിസ്റ്റ് എന്‍ജിനീയര്‍മാരാവുന്നവര്‍ക്ക് നല്‍കുന്നുണ്ട്. പരിശീലന ക്യാംപിന്റെ സമാപന സമ്മേളനം സാഗി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.എസ് ചെയര്‍മാന്‍ ഡോ. നിസാം റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.ആര്‍.എസ് ഡയറക്ടര്‍ ജസ്റ്റിന്‍ ജോസഫ്, നസീം ഹാഷ്മി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."