സുരക്ഷിതമായി അന്തിയുറങ്ങാന്‍ കൂരയില്ലാതെ ഒരു കുടുംബം
മേപ്പയ്യൂര്‍: സുരക്ഷിതമായി അന്തിയുറങ്ങാന്‍ കൂരയില്ലാതെ മാതാവും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പ്രയാസമനുഭവിക്കുന്നു. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ പുല്ലങ്കോട്ടുമ്മല്‍ കുന്നിന്‍മുകളിലാണ് ഈ കുടുംബം ജീവിക്കുന്നത്. മൂന്നുവര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ച വിജീഷിന്റെ ഭാര്യ ബവിതയെന്ന 27കാരിയാണ് പറക്കുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിതത്തോട് പൊരുതുന്നത്.
ഭര്‍ത്താവിന്റെ മരണശേഷം നാലു സെന്റ് ഭൂമിയും നാലു അവകാശികളുമുള്ള ഭര്‍തൃവീട്ടില്‍ നിന്നു തിരിച്ചുപോരുമ്പോള്‍ ബവിതയ്ക്ക് മക്കള്‍ക്കൊപ്പം താമസിക്കാന്‍ മഴ നനയാത്ത ഒരു കൂരയുണ്ടായിരുന്നില്ല. പിതാവിനൊപ്പം ടാര്‍പൊളിന്‍ ഷീറ്റുകൊണ്ടും ചാക്കുകൊണ്ടും മറച്ചുകെട്ടിയ പന്തല്‍ സമാനമായ കൂരയിലാണ് ഇവര്‍ താമസിച്ചത്.
അയല്‍വീടുകളില്‍ വീട്ടുവേലയ്ക്ക് പോയും നല്ലവരായ നാട്ടുകാരുടെ സഹായവുമൊക്കെ സ്വീകരിച്ചാണ് ഭക്ഷണത്തിനും നിത്യച്ചെലവിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുമുള്ള തുക ബവിത കണ്ടെത്തുന്നത്. ഓരോ ദിവസവും തള്ളിനീക്കാനുള്ള അനിശ്ചിതത്വത്തെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഇച്ഛാശക്തിയോടെ നേരിട്ട് ഇതുവരെയും ജീവിതത്തെ പിടിച്ചുനിര്‍ത്തുകയായിരുന്നു ഈ യുവതി.
ഇതിനിടയില്‍ ഒരു വീട് വയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലെന്ന തടസം കാരണം നടക്കാതെ പോയി. ഭവന പദ്ധതിയില്‍ നിന്ന് വീട് ലഭ്യമായില്ല. മൂത്തമകന്‍ ഏഴാം ക്ലാസിലും രണ്ടാമത്തെ മകള്‍ അഞ്ചാം ക്ലാസിലും ശ്രവണ വൈകല്യമുള്ള ഇളയകുട്ടി മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. സഹോദരന്‍ താല്‍ക്കാലികമായി നിര്‍മിച്ച പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലേക്ക് ഇപ്പോള്‍ താമസം മാറിയിരിക്കുകയാണ്.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജെന്‍ഡര്‍ ടീമിന്റെയും നേതൃത്വത്തില്‍ വീട് നിര്‍മിക്കാനുള്ള മൂന്നു സെന്റ് ഭൂമി ബവിതയ്ക്ക് വിലക്ക് വാങ്ങികൊടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും ആ പ്രവര്‍ത്തനം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
കണ്ടെത്തിയ അഞ്ചു സെന്റ് ഭൂമിക്ക് ആവശ്യമായ തുക കണ്ടെത്താനുമായില്ല. ഒരു കുടുംബശ്രീ അംഗം ഒരു മാസം അഞ്ചു രൂപ വീതം നീക്കിവച്ച് 60,000 രൂപയോളം സ്ത്രീ കൂട്ടായ്മ സമാഹിരിച്ചു വച്ചിട്ടുണ്ട്.
മൂന്നു ലക്ഷം രൂപയുണ്ടെങ്കില്‍ ബവിതക്കും കുട്ടികള്‍ക്കും വീട് വയ്ക്കാന്‍ ഭൂമി വാങ്ങിക്കാന്‍ കഴിയുമെന്ന് ജില്ലാ ജെന്‍ഡര്‍ ടീം അംഗം എന്‍.പി ശോഭ പറഞ്ഞു. സഹായിക്കാന്‍ സുമനസുകള്‍ മുന്നോട്ടു വരുമെന്ന പ്രത്യാശ മാത്രമാണ് ഇനി ഈ കുടുംബത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."