ഭൂമിയിടപാട് കേസ്: കൊയിലാണ്ടി സബ് കോടതിയില്‍ വിചാരണ തുടങ്ങി
കൊയിലാണ്ടി: മുന്‍ വ്യവസായ വകുപ്പ് മന്ത്രി എളരമം കരീമിന്റെ ബന്ധു ഉള്‍പ്പെട്ട കിനാലൂര്‍ തൊരട്മല ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട വിചാരണ കൊയിലാണ്ടി സബ് കോടതിയില്‍ തുടങ്ങി.
ബാലുശ്ശേരി ബ്ലൂ മെറ്റല്‍സ് ആന്‍ഡ് സാന്റ്‌സ് എന്ന കമ്പനിയുടെ മാനേജിങ് ഡയരക്ടറും എളമരം കരീമിന്റെ ബന്ധുവായ ടി.പി നൗഷാദിനെ എതിര്‍ കക്ഷിയാക്കി വയലട ഗ്രീഷ്മ ഹൗസില്‍ ഗംഗാധരന്‍ നായര്‍, കണ്ണാടിപ്പൊയില്‍ കൂരിക്കടവ് ഹാസില്‍ വേലായുധന്‍ നായര്‍, ഭാര്യ മല്ലിക എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിസ്താരം ആരംഭിച്ചത്.
ബാലുശ്ശേരി ബ്ലൂ മെറ്റല്‍സ് ആന്‍ഡ് സാന്റ്‌സ് എന്ന കമ്പനി ആരംഭിക്കുന്ന വലിയ ക്രഷര്‍ യൂനിറ്റിന്റെ ആവശ്യത്തിന് 5.4 ഏക്കര്‍ സ്ഥലം തട്ടിയെടുത്തുവെന്നാണ് കേസ്.
ക്രഷര്‍ യൂനിറ്റില്‍ ഷെയര്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആധാരം റദ്ദാക്കണമെന്നുമാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. ക്രഷര്‍ യൂനിറ്റ് തുടങ്ങുകയോ വാഗ്ദാനം ചെയ്ത ഷെയര്‍ നല്‍കുകയോ ചെയ്തില്ലെന്ന് ഹരജിക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഗംഗാധരന്‍ നായരില്‍ നിന്നും 2.2 ഏക്കര്‍ സ്ഥലവും വേലായുധന്‍ നായരുടെയും ഭാര്യ മല്ലികയുടെയും കൈവശമുള്ള 3.5 ഏക്കര്‍ സ്ഥലവുമാണ് ക്രഷര്‍ യൂനിറ്റിനായി കൈമാറിയിരുന്നത്.
മുന്‍ മന്ത്രിയെയും ബന്ധുവിനെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന് ഉദ്ദേശ്യത്തോടെയാണ് കേസ് നല്‍കിയതെന്നാണ് എതിര്‍ കക്ഷികളുടെ വദം.
കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.ടി ബാലന്‍, കാന്തലാട്ട് വില്ലേജ് ഓഫിസര്‍, പനങ്ങാട് പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ എന്നിവരുടെ മൊഴി സബ് ജഡ്ജി കെ.എസ് മധു രേഖപ്പെടുത്തി. പ്രതിഭാഗം തളിവെടുപ്പിനായി കേസ് ഓഗസ്റ്റ് 17 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."