ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു
മേപ്പാടി: അനധികൃതമായി മാനേജ്മെന്റ് ലോക്കൗട്ട് ചെയ്ത ചെമ്പ്ര എസ്റ്റേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഫാത്തിമ ഫാംസിന്റെ കോഴിക്കോടുള്ള ഹെഡ് ഓഫിസിലേക്ക് സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് എസ്റ്റേറ്റില്‍ അവകാശം സ്ഥാപിക്കല്‍ സമരം സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ എസ്റ്റേറ്റ് തുറക്കാന്‍ ധാരണയായിരുന്നെങ്കിലും മാനേജ്മെന്റ് ഇതു പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നത്. എസ്റ്റേറ്റ് എന്ന് തുറക്കുമെന്ന് 10 ദിവസത്തിനകം കമ്പനി തീരുമാനിച്ച് തൊഴിലാളികളെ അറിയിക്കുമെന്നാണ് മാര്‍ച്ച് രണ്ടിന് നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നത്. സമര സമിതിയുടെ ജനറല്‍ ബോഡി യോഗമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.
എന്നാല്‍ സമരം നീണ്ടുപോകുന്നതില്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും സമരത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."