ചങ്ങനാശേരിയില്‍ മഴക്കാല രോഗങ്ങള്‍ വ്യാപകമാകുന്നു
ചങ്ങനാശേരി: വേനല്‍ മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളും തലയുയര്‍ത്തി അതീവജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങളുമായി പ്രദേശത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നതു നിരവധിയാളുകളാണ്.
മഴക്കാലത്താണ് രോഗാണുക്കള്‍ പകരുന്നതിനു കൂടുതല്‍ സാധ്യതയുള്ളത്. മലിനജലവും ഈര്‍പ്പവുമാണ് ഇത്തരത്തില്‍ രോഗാണുക്കള്‍ പകരുന്നതിന് കാരണമാവുന്നത്. മാലിന്യം കൂടിക്കിടക്കാന്‍ സാഹചര്യമുണ്ടാക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കൊതുകുകള്‍ പെരുകുന്നതിനും രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുന്നു. ഇതിനു പുറമെ ഈച്ചകള്‍ പെരുകുന്നത് നിരവധി രോഗങ്ങള്‍ പകരുന്നതിനും കാരണമാകും.വൈറല്‍ പനി മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത്. വായുവിലൂടെയാണ് ഇതു പടരുന്നത്. കടുത്ത ശരീരവേദനയും തലവേദനയുമാണ് ലക്ഷണങ്ങള്‍. രോഗികള്‍ മറ്റുള്ളവരുമായി അധികം ഇടപഴകരുത്. രോഗിയുടെ ടൗവലുകളും മറ്റും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് പെരുകുന്ന കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്.
ശക്തമായ ശരീരവേദന,താമസിയാതെ കണ്ണുചുവക്കുക, ശരീരത്തില്‍ ചെറിയ ചുവന്നകുരുക്കള്‍ പ്രത്യക്ഷപ്പെടുക എന്നിവയെല്ലാം രോഗലക്ഷണമാണ്. പനിയുടെ ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം തേടണം. എലിയുടെ വിസര്‍ജ്യം വെള്ളത്തില്‍ പടരുകയും ഈ വെള്ളം കുളിക്കാനോ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ എലിപ്പനി ഉണ്ടാകുന്നത്. കടുത്തപനി, വയറുവേദന, വിറയല്‍, കഠിനമായ തലവേദന, പേശിക്ക് വലിച്ചില്‍, എന്നിവയാണ് രോഗലക്ഷണം.
സന്ധികളില്‍ വേദന, നീര്, ദേഹം ചുവന്നുതടിക്കുക എന്നിവയാണ് ചിക്കന്‍ഗുനിയ പനിയുടെ ലക്ഷണങ്ങള്‍, രോഗം മാറിയാലും സന്ധിവേദന തുടരും. പരിസര ശുചീകരണത്തിലൂടെയും കൊതുകുകളുടെ നിര്‍മാര്‍ജനത്തിലൂടെയും രോഗം തടയാം. മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മഴക്കാലത്തു പിടിപെടുന്ന രോഗങ്ങളാണ്.
വെള്ളത്തിലാണ് ഇതിന്റെ അണുക്കള്‍ കാണുന്നത്. കണ്ണിനും മൂത്രത്തിലുമുള്ള മഞ്ഞ നിറമാണ് പ്രധാന ലക്ഷണങ്ങള്‍. വിശപ്പില്ലായ്മ, ചര്‍ദ്ദി, വയറുവേദന, പനി എന്നിവയുമുണ്ടാകും. രോഗം കണ്ടുപിടിക്കാന്‍ വൈകിയാല്‍ മരണം വരെ സംഭവിക്കാം. കോളറ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പടരുന്നത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമാണ് രോഗലക്ഷണം. പനിക്കും തളര്‍ച്ചയ്ക്കും സാധ്യതയുണ്ട്.
വിവിധ പഞ്ചായത്തുകളില്‍ മഴക്കാലരോഗങ്ങള്‍ തലപൊക്കി തുടങ്ങിയതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രോഗങ്ങള്‍ക്കെതിരേ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."