കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മന്ത്രി എം.എം മണി ഇന്ന് തുറക്കും
നെടുങ്കണ്ടം: ജില്ലയിലെ വ്യവസായ വികസനത്തിന് വന്‍ മുന്നേറ്റമാകുന്ന അപ്പാരല്‍ പാര്‍ക്ക് മന്ത്രി എം എം മണി ഇന്ന് വൈകിട്ട് അഞ്ചിന് ഉടുമ്പന്‍ചോല രാജകുമാരി കുളപ്പാറച്ചാലില്‍ ഉദ്ഘാടനം ചെയ്യും.
ആയിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന പാര്‍ക്കാണ് പ്രവര്‍ത്തനം തുടങ്ങുന്നത്.പൂര്‍ണമായും കയറ്റുമതി ലക്ഷ്യമിട്ടുള്ള അപ്പാരല്‍ പാര്‍ക്ക് കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷന്‍(കിന്‍ഫ്ര) നേതൃത്വത്തിലാണ്് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 55,000 ചതുരശ്ര അടി സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. കോട്ടണ്‍ ബ്ലോസം എന്ന കമ്പനിയാണ് നിലവില്‍ ഇവിടെ യൂനിറ്റ് ആരംഭിച്ചത്. ടീ ഷര്‍ട്ടാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
തയ്യല്‍ജോലി പരിചയമുള്ളതും ഇല്ലാത്തവരുമായ ഇരുന്നൂറോളം പേര്‍ക്ക് നിലവില്‍ പാര്‍ക്കില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ പ്രതിദിനം 20,000 യൂനിറ്റ് ടീഷര്‍ട്ട് ഉല്‍പ്പാദിപ്പിക്കാനാവും. നിര്‍മാണം തുടങ്ങി പാതിവഴിയില്‍ മുടങ്ങിക്കിടന്ന പദ്ധതി മന്ത്രി എം എം മണിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. കിന്‍ഫ്ര ഇടുക്കിയില്‍ നടപ്പാക്കുന്ന ആദ്യപദ്ധതിയുമാണിത്. മുട്ടം സ്‌പൈസസ് പാര്‍ക്കിന്റെ പ്രവര്‍ത്തികളും കിന്‍ഫ്ര ഏറ്റെടുത്തിട്ടുണ്ട്.പാര്‍ക്ക് അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അധ്യക്ഷനാവും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എംഎല്‍എ കെ.കെ ജയചന്ദ്രന്‍, രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. എല്‍ദോ, എം.എന്‍. ഹരിക്കുട്ടന്‍, കെ.കെ. തങ്കച്ചന്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."