അപകടക്കെണിയൊരുക്കി പൂവാറിലെ ബോട്ട് യാത്ര
കോവളം: ഒരിടവേളക്കു ശേഷം പൂവാറില്‍ വീണ്ടും അനധികൃത ബോട്ട് സര്‍വീസുകള്‍ സജീവം. യാത്രക്കാരന്റെ സുരക്ഷിതത്വത്തിന് ഒരു പരിഗണനയും നല്‍കാതെയുള്ള ബോട്ടു യാത്രക്കെതിരേ കൃത്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇരുന്നൂറോളം ബോട്ടുകള്‍ പൂവാറില്‍ ഉല്ലാസ യാത്ര നടത്തുന്നുണ്ട്. അധികവും അനധികൃത സര്‍വീസുകളാണെന്നാണ് വിവരം. ക്ലബുകള്‍ തമ്മിലുള്ള കിടമത്സരവും പൂവാറിലെ ടൂറിസത്തിന് ശാപമായിരിക്കുകയാണ്.
പൂവാര്‍ ആറ്റുപുറം പാലത്തിന് സമീപത്ത് നിന്ന് നെയ്യാറിലൂടെ കടലും നദിയും സംഗമിക്കുന്ന പൊഴിക്കര എന്ന മനോഹര തീരം കാണാനെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ബോട്ടു ബുകളുടെ തുടക്കവും വളര്‍ച്ചയും. വരുമാനം വര്‍ധിച്ചതോടെ ഇത്തിരിപ്പോന്ന നദിയിലൂടെ പായുന്ന ബോട്ടുകളുടെ എണ്ണവും വര്‍ധിച്ചു. തിരുവനന്തപുരം ജില്ലയില്‍ഏറ്റവുമധികം ബോട്ടുകളുള്ള മേഖല എന്ന പേരും ആറ്റുപുറത്തിന് സ്വന്തമായി. പക്ഷേ, വെള്ളത്തിലിറങ്ങുന്ന ബോട്ടുകളില്‍ എത്രയെണ്ണത്തിന് അംഗീകാരമുണ്ടെന്നോ, എത്രയെണ്ണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നോ അന്വേഷിക്കാന്‍ അധികൃതര്‍ മിനക്കെട്ടിട്ടില്ല. വല്ലപ്പോഴും പേരിനു വേണ്ടി നടത്തുന്ന പരിശോധനകള്‍ ഒഴിച്ചാല്‍, കൃത്യമായ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് ഈ മേഖലയില്‍ തന്നെയുള്ളവര്‍ പറയുന്നു. സഞ്ചാരികളെ ക്യാന്‍വാസ് ചെയ്യാന്‍ നടത്തുന്ന മത്സരം പലപ്പോഴും ബോട്ട് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനും കാരണമാകാറുണ്ട്. ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ട് പൂവാര്‍ പൊലിസ് ബോട്ടുകാരെ വിളിച്ച് വരുത്തി കര്‍ശന താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ക്ക് ശമനം വന്നിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും സംഗതി പഴയ പടിയായിട്ടുണ്ട്.
പൂവാര്‍ ,കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് ഭൂരിഭാഗം ബോട്ടു ക്ലബുകളും പ്രവര്‍ത്തിക്കുന്നത്. വ്യാപക പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂവാര്‍ പൊലിസ് നടത്തിയ പരിശോധനയില്‍ പകുതിയിലധികം ബോട്ടുകളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
പൂവാര്‍ ,പൊഴിയൂര്‍ സ്റ്റേഷനുകളുടെ പരിധിയിലാണ് ഉല്ലാസ ബോട്ടുകളുടെ വിഹാര കേന്ദ്രമായ പൊഴിക്കര. ഇവിടെ പൊലിസിന്റെ സംയുക്ത പരിശോധനയില്ലാത്തതും അനധികൃത ബോട്ട് സര്‍വീസുകള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് . സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പൂവാര്‍ മേഖലയെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബോട്ടു ക്ലബുകള്‍ തമ്മിലുള്ള കിടമത്സരവും അനധികൃത ബോട്ടുകളുടെ പ്രവര്‍ത്തനവും തടയാനായി ബോട്ടുക്ലബ് അതോറിറ്റി രൂപീകരിക്കാന്‍ നടത്തിയ ചര്‍ച്ചകളും എങ്ങുമെത്തിയില്ല.
ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈയെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാത്ത പക്ഷം പൊഴിക്കര മേഖല സംഘര്‍ഷത്തിന്റെ വക്കിലാകുമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."