അധികൃതര്‍ക്ക് നിസംഗത: മണി അയ്യര്‍ വാദ്യോപകരണ മ്യൂസിയം ചിതലരിക്കുന്നു
പാലക്കാട്: കല്‍പ്പാത്തി വാദ്യോപകരണ മ്യൂസിയം ചിതലരിക്കുന്നു. അനുഗൃഹീത കലാകാരനായ മണി അയ്യരെ അവഹേളിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വാദ്യോപകരണ മ്യൂസിയത്തോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം. 2009ല്‍ പണിക്കഴിപ്പിച്ച മണി അയ്യര്‍ സ്മാരക മന്ദിരത്തില്‍ രണ്ടായിരത്തോളം വരുന്ന സംഗീതോപകരണങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം നശിക്കുന്നത്.
2011ല്‍ സംസ്ഥാന ബജറ്റില്‍ നിന്നും മുപ്പതു ലക്ഷം രൂപ ചെലവാക്കിയാണ് വിവിധ രാജ്യങ്ങളിലുള്ള പുരാതന സംഗീതോപകരണങ്ങള്‍ വാങ്ങിയത്. ഐ. എ. എസ് ഉദ്യോഗസ്ഥനായ ജോസഫ് വി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരത്തിലുള്ള അപൂര്‍വങ്ങളായ ഉപകരണങ്ങള്‍ ശേഖരിച്ചത്്. 2017ലാണ് ഫോക്ക്‌ലോര്‍ അക്കാദമിയില്‍ നിന്നും മണി അയ്യര്‍ വാദ്യോപകരണ മ്യൂസിയം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.
നൂറ്റിയമ്പതോളം വര്‍ഷത്തോളം പഴക്കമുള്ള ആഫ്രിക്കന്‍ വന്‍കരകളിലെ ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍, സ്‌പെയിന്‍, ജര്‍മനി, ചൈന, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ ലോക രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പരമ്പരാഗത സംഗീതോപകരണങ്ങളടക്കം രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന വാദ്യോപകരണ ശേഖരമാണ് കല്‍പ്പാത്തിയിലെ ഈ മ്യൂസിയത്തിലുള്ളത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ നാലു വര്‍ഷക്കാലമായി മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. ശേഖരിക്കപ്പെട്ട അമ്യൂല്യങ്ങളായ രണ്ടായിരത്തോളം വരുന്ന സംഗീതോപകരണങ്ങളാണ് ഇന്ന് ഇവിടെ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ ചിതലരിച്ച് പോകുന്നത്. ഭാവി തലമുറക്ക് കൈമാറ്റപ്പെടേണ്ട ഒരു സംഗീതഖനിയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കേരള ചരിത്ര മ്യൂസിയം അധികൃതര്‍ കല്‍പ്പാത്തിയിലെ മണി അയ്യര്‍ വാദ്യോപകരണ മ്യൂസിയത്തിന്റെ ദയനീയാവസ്ഥക്കു മുന്നില്‍ കണ്ണടക്കുയാണ്. വിദ്യാര്‍ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി തുറന്നു കൊടുക്കേണ്ട മ്യൂസിയം പ്രവര്‍ത്തനരഹിതമായി നശിക്കപ്പെടുകയാണ്.
വാദ്യോപകരണങ്ങളുടെ താത്കാലിക സംരക്ഷണത്തിനുള്ള സംവിധാനങ്ങള്‍ മാത്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.കാശി പാതി കല്‍പ്പാത്തിയിലെ സംഗീതപാരമ്പര്യത്തിന് മുതല്‍ക്കൂട്ടാവേണ്ട മ്യൂസിയമാണ് അധികൃതര്‍ നിരുത്തരവാദപരമായി ഈ രീതിയില്‍ അവഗണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."