സി.പി.എം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
കോട്ടയം: സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നത്ത് വീടുകയറി ആക്രമണം. അക്രമത്തില്‍ 82 വയസുള്ള സ്ത്രീയുള്‍പ്പെടെ നാലു പേര്‍ക്ക് പരുക്ക്. അയര്‍ക്കുന്നം പുളിങ്ങാത്തില്‍ ജെയിന്‍ പി ജോര്‍ജ്ജിന്റെ വീടാണ് ഏഴുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ മാതാവ് ഏലിയാമ്മ(82)സഹോദരന്‍ ഷാജി പുളിങ്ങാത്തില്‍, പി.എം ജോസഫ് പുളിങ്ങാത്തില്‍, സഹോദരന്റെ മകന്‍ ജോഷി പി ജോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 11.30 ഓടെയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരായ ജെയിംസ് പുതുമന, കണ്ണന്‍ എന്നുവിളിക്കുന്ന അരവിന്ദ്, ജോസ്, ബിജു തോമസ്, സിജി എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് വീടാക്രമിച്ചതെന്ന് ജെയില്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അക്രമികള്‍ക്കെതിരേ കേസെടുത്തു.
കടയിലെ മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമത്തിന് കാരണം. വീടാക്രമിച്ച കേസിലെ പ്രതിയായ സിജിക്ക് ജെയിനിന്റെ വീടിന് സമീപം കടയുണ്ട്. ഇയാളുടെ കടയിലെ മാലിന്യം തന്റെ പറമ്പിലേക്ക് നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിലൂടെയാണ് സംഭവത്തിന് തുടക്കം കുറിച്ചത്. പറമ്പില്‍ മാലിന്യം വീഴാതിരിക്കണമെങ്കില്‍ മതില്‍കെട്ടണമെന്ന് സിജി ജെയിനോട് പറഞ്ഞു. അതിന്‍പ്രകാരം മാലിന്യ നിക്ഷേപം തടയാന്‍ ജെയിന്‍ പറമ്പിന് മതില്‍കെട്ടി. എന്നാല്‍ ജെയിന്‍ മതില്‍കെട്ടിയത് പുറമ്പോക്ക് ഭൂമി കയ്യേറിയാണ് ചൂണ്ടിക്കാട്ടി സിജി കഴിഞ്ഞ വര്‍ഷം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. ഇദ്ദേഹം പരാതി നല്‍കിയ വിവരമറിഞ്ഞ ജെയിന്‍ കഴിഞ്ഞ ഡിസംബര്‍ 20 ന് സിജിയുടെ കടയുടെ നിര്‍മാണം അനധികൃതമാണെന്ന് വ്യക്തമാക്കി പഞ്ചായത്തില്‍ പരാതി നല്‍കി.
സിജി നല്‍കിയ പരാതിന്മേല്‍ നടത്തിയ റീസര്‍വേയില്‍ ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വ്യക്തമായെന്നും ഇത് സംബന്ധിച്ചുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം താന്‍ വാങ്ങിയെന്നും ജെയിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് ശേഷം കഴിഞ്ഞ 12 ന് രാത്രി ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് മതില്‍ പൊളിക്കാന്‍ ശ്രമിച്ചു.
ശബ്ദം കേട്ട് സമീപവാസികള്‍ ഉണര്‍ന്നതോടെ അവര്‍ സ്ഥലം വിട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ജെയിന്‍ അക്രമികളെ തിരിച്ചറിയാന്‍ വീട്ടില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചു. ജെയിനെതിരേ വ്യാപക പോസ്റ്റര്‍ പ്രചരണം നടത്തിയതായും അദ്ദേഹം പറയുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച്ച വൈകിട്ട് ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മതില്‍ പൂര്‍ണമായും പൊളിച്ചു നീക്കി സി.പി.എമ്മിന്റെ കൊടി നാട്ടിയത്. അന്ന് രാത്രിയില്‍ തന്നെ അയര്‍ക്കുന്നം പൊലിസ് സ്റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കി.
സ്റ്റേഷനില്‍ തിരികെ വീട്ടിലെത്തുന്നതിനിടെയില്‍ 11.30 ഓടെ സിജിയുടെ നേതൃത്വത്തിലുള്ള സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇയാളുടെ വീടാക്രമിക്കുകയായിരുന്നു. ഞങ്ങള്‍ക്കെതിരേ പരാതി നല്‍കിയതാരാടാ എന്നുചോദിച്ചായിരുന്നു ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത ആക്രമി സംഘം ബൈക്കും തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."