ടൂറിസം സാധ്യത: ഉന്നതതല സംഘം വിലങ്ങാട് സന്ദര്‍ശിച്ചു
നാദാപുരം: ടൂറിസത്തിന് സാധ്യതതേടി ഉന്നതതലസംഘം ഇന്നലെ വിലങ്ങാട് എത്തി. പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടവും നിറഞ്ഞ കാനനഭംഗിയും ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദഗ്ധസംഘം ഇവിടെയെത്തിയത്.
തിരികക്കയം, തോണിക്കയം, വാളൂക്ക്, കന്നുകുളം എന്നീ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. കണ്ണവം വനമേഖലയുടെ ഭാഗമായ വിലങ്ങാട് മലയോരം പ്രകൃതിഭംഗിയാല്‍ നേരത്തെ തന്നെ സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. അന്‍പത് അടിയിലേറെ ഉയരത്തില്‍ നിന്ന് വീഴുന്ന തിരികക്കയം വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാന്‍ ദിനംപ്രതി നിരവധിപേരാണ് ഇവിടെ എത്തുന്നത്.
കുറ്റല്ലൂര്‍ ആദിവാസി കോളനിക്ക് സമീപത്തെ തോണിക്കയം വെള്ളച്ചാട്ടം മറ്റൊരു കാഴ്ചയാണ്. വയനാട്, കണ്ണൂര്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് വനപ്രദേശം അപൂര്‍വ ഔഷധ സസ്യങ്ങളുടെ കലവറകൂടിയാണ്. ടൂറിസം ജോയിന്റ് ഡയറക്ടര്‍ ടി.ജി ശിവന്‍, പ്രോജക്ട് എന്‍ജിനിയര്‍ സുഭാഷ് ചന്ദ്രന്‍, ചീഫ് ആര്‍ക്കിടെകറ്റ് സി.പി റഷീദ് എന്നിവരും, വാണിമേല്‍ പഞ്ചായത് പ്രസിഡന്റ് ഒ.സി ജയന്‍, പഞ്ചായത്ത് മെമ്പര്‍ എന്‍.പി ദേവി ,സി.കെ സുബൈര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."