കുറ്റ്യാടി പുതിയ ബസ്സ്റ്റാന്‍ഡ് തുറന്നു കൊടുക്കാന്‍ നടപടിയായില്ല
കുറ്റ്യാടി: മലയോര ജനതയുടെ ചിരകാല സ്വപ്നമായ കുറ്റ്യാടി പുതിയ ബസ്സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും തുറന്ന് കൊടുക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഭരണ സമിതിയുടെ പിടിപ്പ് കേടാണ് സ്റ്റാന്‍ഡ് ബസ് സര്‍വീസിനായി തുറന്ന് കൊടുക്കാന്‍ വൈകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
2015 ഓഗസ്റ്റ് ഒന്‍പതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കുറ്റ്യാടി ബസ്സ്റ്റാന്‍ഡിന്റേയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആദ്യബസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. മുന്‍ യു.ഡി.എഫ് ഭരണ സമിതിയാണ് നാല് കോടിയോളം രൂപ ചെലവിട്ട് കുറ്റ്യാടിയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
ഒരേക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബസ്സ്റ്റാന്‍ഡില്‍ ഇരുപത്തിയഞ്ചിലേറെ ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും രണ്ട് നിലകളിലായി വിപുലമായ ഷോപ്പിങ് കോംപ്ലക്‌സുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ടാറിങ്ങും, വൈദ്യുതീകരണവും ഒഴിച്ചുള്ള പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. സോളിങ് ചെയ്ത തറ വാഹനങ്ങള്‍ കയറി ഉറച്ചതിനുശേഷമേ ടാറിങ് നടത്താനാവൂ എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാറുകളും, മറ്റു വാഹനങ്ങളുടെയും പാര്‍ക്കിങ് കേന്ദ്രമായി മാറിക്കഴിഞ്ഞ പുതിയ ബസ് സ്റ്റാന്‍ഡിന്റെ സോളിങ് ചെയ്ത മെറ്റലുകളെല്ലാം ഇളകി തെറിച്ച നിലയിലാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടമാവുകയും എല്‍.ഡി.എഫ് അധികാരത്തില്‍ എത്തുകയും ചെയ്തതോടെയാണ് ബസ്സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തികള്‍ മന്ദീഭവിച്ചതെന്നാണ് ആരോപണം.
അതേ സമയം ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ബസ് സ്റ്റാന്റ് തുറന്നുകൊടുക്കുന്നത് വൈകുന്നതിനെതിരേ ഒരു പ്രതിഷേധ ശബ്ദംപോലും ഉയര്‍ത്താന്‍ യു.ഡി.എഫിന് കഴിയാത്തതില്‍ അണികള്‍ക്കിടയില്‍ വലിയ അമര്‍ഷം ഉണ്ടായിട്ടുണ്ട്. ടാറിങ് ഉള്‍പ്പെടെയുള്ള അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ച് എന്ന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് പറയാന്‍ പോലും ഭരണനേതൃത്വത്തിന് കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."