മില്ലുടമകളുടെ നിസഹകരണം; നെല്ല് സംഭരണം നിലച്ചു
ഹരിപ്പാട്: മില്ലുടമകളുടെ നിസഹകരണം മൂലം നെല്ല് സംഭരണം നിലച്ചു. വീയപുരം കൃഷി ഭവന്‍ പരിധിയിലെ ഇലവന്താനം പള്ളിവാതുക്കല്‍ പാടശേഖരത്തിലാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ അംഗീകാരമുള്ള മില്ലുടമകളുടെ നിസഹകരണം മൂലം ലോഡ് കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നത്.
ഇതില്‍ പ്രതിഷേധിച്ച് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കൃഷി ഭവന്‍ ഉപരോധിച്ചു. 125 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം നാല് കൊയ്ത്തുയന്ത്രങ്ങള്‍ ഉപയോഗിച്ച് കൊയ്ത് മെതിച്ചിട്ട് രണ്ടാഴ്ചയോളമായി.
ഏകദേശം 15 ഓളം ലോഡ് നെല്ല് പാടത്തും കരയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ എത്തുന്ന വേനല്‍മഴയെ പേടിച്ച് കര്‍ഷകര്‍ നെല്ല് നശിക്കാതിരിക്കുവാന്‍ നെട്ടോട്ടമോടുകയാണ്. മോയിസ്റ്റര്‍ ടെസ്റ്റില്‍ നെല്ലിന് 14 മുതല്‍ 15 ശതമാനം വരെ ഈര്‍പ്പമേയുള്ളുവെന്ന് തെളിഞ്ഞിട്ടുണ്ട്.
പതിനേഴ് ശതമാനത്തിന് മുകളില്‍ ഈര്‍പ്പം ഉണ്ടെങ്കില്‍ മാത്രമേ അധിക നെല്ല് മില്ലുടമകള്‍ക്ക് നല്‍കേണ്ടതുള്ളുവെന്ന് കര്‍ഷകരും കൃഷിഭവന്‍ അധികൃതരും പറയുന്നു.
നയാത്തതും നല്ല നിലവാരമുള്ളതുമായ നെല്ലാണ് സംഭരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം മില്ലുകാര്‍ പാടത്തെത്തിയെങ്കിലും നെല്ല് പരിശോധിച്ചില്ല.
നെല്ലിന് നിലവാരമില്ലെന്ന തന്ത്രം പയറ്റി ക്വിന്റലിന് അധിക നെല്ല് ഈടാക്കുവാനുള്ള ശ്രമമാണ് ഏജന്റന്മാരും മില്ലുകാരും നടത്തുന്നതെന്ന് പാടശേഖര സെക്രട്ടറി ദാമോദരന്‍ പറഞ്ഞു. കെട്ടിക്കിടക്കുന്ന നെല്ലിന് തൂക്കം കുറവാണെന്നും ഒരു ക്വിന്റല്‍ നെല്ലില്‍ നിന്ന് 62 കിലോ അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്കണമെന്നും, ഇവിടുത്തെ നെല്ലെടുത്താല്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാകുമെന്നുമുള്ള വാദമാണ് മില്ലുടമകള്‍ ഉയര്‍ത്തുന്നത്.
ഉപരോധത്തെ തുടര്‍ന്ന് വീയപുരം എസ്.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൃഷി ഓഫീസര്‍ സൂസന്‍ തോമസുമായി ചര്‍ച്ച നടത്തി. പാഡി മാര്‍ക്കറ്റിംഗ് ഓഫീസറെ വിളിച്ച് വരുത്തി നെല്ല് സംഭരിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."