ഡി.ടി.പി.സിയിലെ ക്രമക്കേട്: ജില്ലാ ഫിനാന്‍സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം തുടങ്ങി
കല്‍പ്പറ്റ: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിലെ ക്രമക്കേടുകളില്‍ ജില്ലാ ഫിനാന്‍സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചു.
ഡി.ടി.പി.സിയുടെ അക്കൗണ്ടിങ് സംവിധാനങ്ങളില്‍ പാളിച്ചകളുണ്ടെന്നും പല വിഭാഗത്തിലെയും കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും കണക്കുകള്‍ ഓഡിറ്റ് നടത്തിയ സ്വതന്ത്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡേബുക്ക്, കളക്ഷന്‍ അബ്‌സ്ട്രാക്ട്, ഫിക്‌സഡ് അസറ്റ് രജിസ്റ്റര്‍ തുടങ്ങിയ രേഖകളില്ലാതെയായിരുന്നു ഓഡിറ്റ് നടത്തിയത്. നിരന്തരം ആവശ്യപ്പെട്ടിട്ടും പലരേഖകളും എത്തിച്ചു നല്‍കിയില്ല, ടൂറിസം വകുപ്പില്‍ ലഭിക്കുന്ന ഗ്രാന്റുകള്‍, സാമ്പത്തികസഹായങ്ങള്‍ എന്നിവ സംബന്ധിച്ചും കൃത്യമായരേഖകള്‍ ഡി.ടി.പി.സിയുടെ കൈവശമില്ലെന്നാണ് ഓഡിറ്റര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ ധനകാര്യ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ചിലഭാഗങ്ങളില്‍ നിന്നും പരാതികളും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ ഫിനാന്‍സിങ് വിഭാഗം പരിശോധനകള്‍ ആരംഭിച്ചത്. ഡി.ടി.പി.സിക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നടത്തിയ പലപ്രവൃത്തികളിലും കാലതാമസവും അപാകതകളും കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൂറിസം കേന്ദ്രങ്ങളില്‍ ടിക്കറ്റ് മെഷീനുകളും ലാപ്‌ടോപ്പുകളും വാങ്ങി നല്‍കി ടിക്കറ്റിങ് സംവിധാനം സുതാര്യമാക്കാനായി തീരുമാനിക്കുകുയും ഫണ്ട് വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരിടത്ത് പോലും ടിക്കറ്റ് മെഷീന്‍ ഉപയോഗിക്കുന്നില്ല. ഇതിന്റെ മറവില്‍ റിസപ്ഷനിലിരിക്കുന്ന ജീവനക്കാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ ഒത്തുകളിച്ച് പണം തട്ടിയെടുക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ കര്‍ളാട് തടാകം ടൂറിസം കേന്ദ്രത്തില്‍ നിന്നും ജീവനക്കാരനെ കൈയോടെ പിടികൂടിയിരുന്നു. ഇയാള്‍ക്ക് മറ്റൊരിടത്തേക്ക് സ്ഥലംമാറ്റം നല്‍കുകയാണ് അധികൃതര്‍ ചെയ്തത്. പൂക്കോട് തടാകം, കര്‍ളാട് തടാകം, അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി പാര്‍ക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ക്വയര്‍ എന്നിവയാണ് ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍. ഈ കേന്ദ്രങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ വിനിയോഗിച്ച സര്‍ക്കാര്‍ ഫണ്ടുകളെ സംബന്ധിച്ചും പരിശോധന നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."