അഖീദത്ത്.., നീയാണ് മകളേ ഞങ്ങള്‍ക്കു പാകിസ്താന്‍
അഖീദത്ത് നവീദ്...
ഓരോ ഇന്ത്യക്കാരനും പാകിസ്താന്‍കാരനും മനസ്സിന്റെ താളുകളില്‍ സ്വര്‍ണലിപിയില്‍ എഴുതിവയ്‌ക്കേണ്ടതാണ് ആ പേര്.
അത്രയും പറഞ്ഞാല്‍ പോരാ.., ലോകത്തെങ്ങുമുള്ള മനുഷ്യനന്മയാഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഹൃദയത്തില്‍ ചില്ലിട്ടുസൂക്ഷിക്കേണ്ടതാണ് ആ രൂപം.
ഇതു പറയുമ്പോഴും എനിക്കറിയാം, അഖീദത്ത് നവീദ് ആരാണെന്നോ അവളെന്തുകൊണ്ടു ശ്രദ്ധേയയാകണമെന്നോ അറിയാത്ത ഇന്ത്യയിലെയും പാകിസ്താനിലെയും മഹാഭൂരിപക്ഷവും. ആ പെണ്‍കുട്ടിയെക്കുറിച്ചു ലോകമറിയേണ്ട മാതൃകാപരമായ വാര്‍ത്ത അപൂര്‍വം മാധ്യമങ്ങളില്‍ മാത്രമാണു കണ്ടത്, അതും തീര്‍ത്തും അപ്രധാനമായ രീതിയില്‍.
അഖീദത്ത് നവീദ് പാകിസ്താനിലെ ലാഹോര്‍ സ്വദേശിനിയാണ്. മുല്‍ട്ടാന്‍ റോഡിലെ ഖുദാബക്‌സ് എന്ന സ്ഥലത്താണു താമസം. വയസ്സ് 11.
ഇതൊന്നുമല്ല പ്രസക്തം, അവള്‍ എന്തുചെയ്തുവെന്നതാണ്.
അവള്‍ ചെയ്തത് ഒരു കത്തെഴുതല്‍ മാത്രമാണ്. അവളുടെ നോട്ടുബുക്കില്‍നിന്നാവാം ചിന്തീയെടുത്ത രണ്ടുപേജിലുള്ള ഹ്രസ്വമായ കത്ത്.
അതെഴുതിയത്, ഇന്ത്യന്‍ പ്രധാനമന്ത്രിക്കാണെന്നതും അദ്ദേഹത്തെ കുറ്റപ്പെടുത്താനോ താറടിച്ചുകാണിക്കാനോ അസഭ്യം പറയാനോ അല്ല ശ്രമിച്ചതെന്നതുമാണ് ആ കത്തിന്റെയും അവളുടെയും പ്രത്യേകത. പാകിസ്താന്‍കാരിയായ അഖീദത്ത് നവീദ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയത് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ ഗംഭീരവിജയത്തില്‍ അദ്ദേഹത്തെ അനുമോദിക്കാനാണ്.
ഇനിയുള്ള അഭിപ്രായപ്രകടനത്തിനു മുമ്പ് അഖീദത്ത് നവീദ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങള്‍ ഭാഷാന്തരീകരണം നടത്തി അതേപടി ഇവിടെ പകര്‍ത്തേണ്ടതുണ്ട്. കത്തിലെ വാചകങ്ങളുടെ മലയാളരൂപം ഇങ്ങനെയാണ്:
'പ്രിയപ്പെട്ട മോദീ,
മറ്റുള്ളവരുടെ ഹൃദയം കവരലാണ് ഏറ്റവും സുന്ദരമായ കര്‍മമെന്ന് എന്റെ പിതാവ് പറയാറുണ്ട്. താങ്കള്‍ യു.പിയില്‍ വിജയം നേടിയത് ഒരുപക്ഷേ, ഇന്ത്യക്കാരില്‍ ഒരുവിഭാഗത്തിന്റെ ഹൃദയം കവര്‍ന്നതുകൊണ്ടായിരിക്കും.
എന്നാല്‍, ഞാന്‍ താങ്കളോടൊരു കാര്യം അഭ്യര്‍ഥിക്കട്ടെ. മുഴുവന്‍ ഇന്ത്യക്കാരുടെയും മുഴുവന്‍ പാകിസ്താനികളുടെയും ഹൃദയം കവരാന്‍ താങ്കള്‍ക്കു കഴിയണം. അതിനു സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പാത പിന്തുടരണം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഊഷ്മളമായ ബന്ധം ആവശ്യമാണ്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെ പാലം പണിയാം നമുക്ക്.
ഇനി മുതല്‍ വെടിയുണ്ടകള്‍ വാങ്ങില്ലെന്നും പുസ്തകങ്ങളേ വാങ്ങൂവെന്നും നമുക്കു തീരുമാനിക്കാം.
ഇനി മുതല്‍ തോക്കുകളല്ല, ആ പണംകൊണ്ടു പാവങ്ങള്‍ക്കായി മരുന്നാണു വാങ്ങുകയെന്നു നമുക്കു തീരുമാനിക്കാം. സംഘട്ടനമോ സമാധാനമോ. തീരുമാനം നമ്മുടേതാണ്.
യു.പിയിലെ ജയത്തിനു താങ്കളെ അഭിനന്ദിക്കുന്നു.
അഖീദത്ത് നവീദ്.'
നമ്മള്‍ കാതോര്‍ത്തു കേള്‍ക്കേണ്ടതും മനസ്സുതുറന്ന് ഉള്‍ക്കൊള്ളേണ്ടതുമല്ലേ ഈ വാക്കുകള്‍. അഖീദത്ത് അഭിസംബോധന ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണെങ്കിലും ഇന്ത്യയിലെ 120 കോടി ജനങ്ങളോടും പാകിസ്താനിലെ 18 കോടി ജനങ്ങളോടുമുള്ള അഭ്യര്‍ഥനയാണത്.
പാകിസ്താന്‍ എന്നു കേള്‍ക്കുമ്പോള്‍ സംഹാരതാണ്ഡവമാടുന്ന മനസ്സിന് ഉടമകളായി മാറിയിരിക്കുന്നു ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനവും. പാകിസ്താന്‍കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിഭജനകാലംമുതല്‍ ആരംഭിച്ച ഈ കുടിപ്പക നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇക്കാലയളവിനിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മൂന്നുതവണ യുദ്ധത്തിലേര്‍പ്പെട്ടു. കനത്ത നാശനഷ്ടം ഇരുവിഭാഗത്തിനുമുണ്ടായി.
യുദ്ധമില്ലാത്ത കാലയളവില്‍ സമാധാനമല്ല ഇന്ത്യ-പാക് അതിര്‍ത്തികളില്‍ നിലനില്‍ക്കുന്നത്. അവിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുന്നു. നിത്യേന വെടിയൊച്ചകേട്ടാണ് അതിര്‍ത്തിഗ്രാമങ്ങള്‍ ഉണരുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ ചെറിയ ആക്രമണങ്ങളും ഒറ്റപ്പെട്ട മരണങ്ങളും ഇന്നു വാര്‍ത്തയല്ലാതായിരിക്കുന്നു. ആ പോരായ്ക തീര്‍ത്ത് വാര്‍ത്ത സൃഷ്ടിക്കാന്‍ പലപ്പോഴും അതിര്‍ത്തികടന്ന ഭീകരാക്രമണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെയും പാകിസ്താന്റെയും ജനസംഖ്യയില്‍ മൂന്നിലൊന്നു ഭാഗത്തില്‍ കൂടുതലും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരാണ്. ശേഷിച്ച മൂന്നിലൊന്ന് പട്ടിണിയുടെ വര കടന്നുനില്‍ക്കുന്നവര്‍ മാത്രമാണ്. ആരോഗ്യസംരക്ഷണത്തിലും ശുചിത്വമുള്ള ചുറ്റുപാടുകളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും കടുത്ത വെല്ലുവിളിയാണു നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ രണ്ടിടത്തും രൂക്ഷമാണ്. രണ്ടിടത്തെയും നഗരങ്ങള്‍ ചേരിപ്രദേശങ്ങളാല്‍ സമ്പന്നമാണ്.
അത്തരം രാജ്യങ്ങളാണ് മുഖ്യശത്രുവായ അയല്‍രാജ്യത്തെ ഭയന്ന് ആയിരക്കണക്കിനു കോടി രൂപ നശീകരണായുധവും പോര്‍വിമാനങ്ങളും വാങ്ങിക്കൂട്ടാനും സര്‍വസംഹാരിയായ അണുബോംബു നിര്‍മിക്കാനുള്ള ഗവേഷണത്തിനും മറ്റുമായി ചെലവഴിക്കുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ വര്‍ഷത്തെയും പ്രതിരോധ ബജറ്റു കണ്ടാല്‍ നാം ഞെട്ടിപ്പോകും.
1947 ആഗസ്റ്റ് 15നു മുന്‍പുവരെ ഒരേ നാട്ടുകാരായി ജീവിച്ചവരാണ് ഇന്നു ശത്രുതയുടെ കൊടുമുടിയില്‍ കഴിയുന്നത്. എന്തിനുവേണ്ടി? ഇതുകൊണ്ടൊക്കെ ആര്‍ക്കാണു നേട്ടമുണ്ടാകുന്നത്?
ഈ ചോദ്യങ്ങളുടെ ഓര്‍മപ്പെടുത്തലാണ് അഖീദത്ത് നവീദ് എന്ന പതിനൊന്നുകാരി ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നത്.
ഇനി മുതല്‍ വെടിയുണ്ടകള്‍ക്കു പകരം പുസ്തകങ്ങള്‍ വാങ്ങണമെന്നും തോക്കു വാങ്ങാന്‍ ചെലവഴിക്കുന്ന പണം പാവങ്ങള്‍ക്കു മരുന്നുവാങ്ങാന്‍ ചെലവഴിക്കണമെന്നുമൊക്കെ ഉപദേശിക്കുന്ന അഖീദത്തിനു മുമ്പില്‍ നാമെല്ലാം എത്രയോ ചെറിയ മനസ്സിനു ഉടമകളാണെന്നു സമ്മതിച്ചേ തീരൂ.
അഖീദത്ത്..., അതിര്‍ത്തിക്കപ്പുറത്ത് എവിടെയോ ഉള്ള കൊച്ചുസഹോദരീ.... നിന്നെയോര്‍ത്ത് അഭിമാനിക്കുന്നൂ ഞങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."