നരകത്തിലേക്ക് സ്വാഗതം; ഒളിംപിക് കാണികള്‍ക്ക് മുന്നറിയിപ്പുമായി റിയോ പൊലിസ്
റിയോ: ഒളിംപിക്‌സിനായി റിയോയിലെത്തിയ കാണികള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ച സമ്മാനിച്ച് ബ്രസീല്‍ പൊലിസ്. പൂക്കളുമായി കാണാനെത്തിയ ബന്ധുക്കളിലല്ല കാണികളുടെ കണ്ണുടക്കിയത്. നരകത്തിലേക്ക് സ്വാഗതം എന്നെഴുത്തിയ റിയോ പൊലിസിന്റെ ബോര്‍ഡായിരുന്നു പലരുടെയും ശ്രദ്ധ. ബ്രസീലിലെന്താണ് നടക്കുന്നതെന്നറിയാതെ എത്തിയ പലരും റിയോയിലെത്തിയതോടെയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ഭീകരാവസ്ഥ മനസിലാക്കിയത്.
പൊലിസുകാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങി കിടപ്പാണ്. ഇക്കാരണത്താല്‍ തങ്ങള്‍ കാണികള്‍ക്ക് സുരക്ഷയൊരുക്കില്ലെന്ന് വ്യക്തമാക്കുന്ന ബോര്‍ഡും ഇവരുടെ കൈയിലുണ്ട്. പോര്‍ച്ചുഗീസിലും ഇംഗ്ലീഷിലുമായിട്ടാണ് ബോര്‍ഡുകളുള്ളത്. റിയോയിലേക്ക് വരുന്ന ആരും തന്നെ സുരക്ഷിതരല്ലെന്ന് ഇവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ റിയോയിലെ സുരക്ഷ ചൂടുള്ള ചര്‍ച്ചയായി കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മൂന്നു മില്യണ്‍ ആളുകളാണ് പൊലിസുകാരുടെ ബാനറേന്തിയ മുന്നറിയിപ്പിന്റെ ദൃശ്യങ്ങള്‍ കണ്ടത്.
നഗരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് പൊലിസ് വ്യക്തമാക്കുന്നുണ്ട്. ഇന്ധനം, ടോയ്‌ലറ്റ് പേപ്പര്‍ എന്നിവയ്ക്ക് കടുത്ത ക്ഷാമമുണ്ട്. റിയോയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ കരുതുന്നതിലും എത്രയോ അധികമാണ് പ്രശ്‌നങ്ങള്‍. കടുത്ത തകര്‍ച്ചയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സര്‍ക്കാരിന് ഒളിംപിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്നാല്‍ പൊലിസിന്റെ മുന്‍ഗണന ജനങ്ങള്‍ക്കാണെന്ന് റിയോ പൊലിസ് വക്താവ് വ്യക്തമാക്കി. പക്ഷേ പണത്തിന്റെ അഭാവത്തില്‍ പൊലിസിന് അത് സാധ്യമല്ല. സര്‍ക്കാരാണ് ഇതിനു നടപടിയെടുക്കേണ്ടതെന്നും ഇവര്‍ പറയുന്നു.
നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊലിസ് സേനയ്ക്കുള്ള ഫണ്ട് ഇടക്കാല ഗവര്‍ണര്‍ ഫ്രാന്‍സിസ്‌കോ ഡോര്‍നെല്ലസ് വെട്ടിക്കുറച്ചിരുന്നു.
ഇതു പൊലിസിനെ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. ഒളിംപിക്‌സ് ബഹിഷ്‌കരിക്കുമെന്നും റിയോ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."