വവ്വാലിനെ ഭയന്ന് ആളുകള്‍ ഓടുമ്പോള്‍ കാസര്‍കോട്ട് ഇവയെ കറിവെക്കുന്നു
കാസര്‍കോട്: സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും വവ്വാലിനെ ഭയന്ന് ആളുകള്‍ ഓടുമ്പോള്‍ കാസര്‍കോട്ട് ഇവയെ പിടികൂടി കറിവച്ചിരുന്ന കഥയാണ് ഉള്ളത്. കോഴിക്കോട് പേരാമ്പ്രയില്‍ പത്തു പേരുടെ മരണത്തിനു ഇടയാക്കിയ നിപാ പനി പരത്തുന്നത് വവ്വാലുകളാണെന്ന വാര്‍ത്തക്കിടയിലാണ് ഇവയെ പിടികൂടി കറിവെക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്.
വെറും നാല് ദിവസം കൊണ്ട് വവ്വാല്‍ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും രോഗം പരത്തി ആളുകളെ കൊള്ളുന്ന ഭീകര ജീവിയായി മാറുമ്പോള്‍ കാസര്‍കോട് ജില്ലയിലെ അഡൂരില്‍ ഇവയെ പിടികൂടി കറിവച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന ആചാരം വര്‍ഷങ്ങളായി തുടരുകയാണ്. അഡൂര്‍ പാണ്ടിവയലിലെ ഗ്രാമ വാസികളുടെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് വവ്വാലുകളെ പിടിക്കൂടി കറിവച്ച് ദേവിക്ക് സമര്‍പ്പിക്കുന്ന ആചാരം തലമുറകളായി നടത്തി വന്നിരുന്നത്.
ഓരോ വര്‍ഷവും, വിഷുവിനും, ശിവരാത്രിയോടനുബന്ധിച്ചുമാണ് ഗ്രാമ വാസികള്‍ വവ്വാലുകളെ പിടികൂടുന്നത്. പ്രദേശത്തെ മൂന്നു ഗുഹകളില്‍ നിന്നായി അന്പതിലേറെ ആളുകള്‍ ഇറങ്ങിയും ഗുഹക്കു പുറത്തു നിന്നുമായി ചൂരിമുള്ളു എന്ന മുള്‍ച്ചെടി കൊണ്ട് ഉണ്ടാക്കുന്ന പ്രത്യേക വടി ഉപയോഗിച്ച് കൊണ്ടാണ് വവ്വാലുകളെ പിടികൂടുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് മുമ്പ് കുളിച്ചു ശുദ്ധി വരുത്തി ദേവിക്ക് കോഴിയും, ദക്ഷിണയും വച്ചാണ് വവ്വാലുകളെ പിടികൂടാന്‍ ഇവര്‍ ഇറങ്ങുകയെന്നു സമുദായ അംഗങ്ങള്‍ പറയുന്നു.
നല്‍ക്ക,മുകേര എന്നീ സമുദായാംഗങ്ങള്‍ക്കു മാത്രമാണ് വവ്വാലുകളെ പിടികൂടാന്‍ അവകാശമുള്ളതെന്നു പറയപ്പെടുന്നു. പിടികൂടപ്പെടുന്ന വവ്വാലുകളില്‍ കുറച്ചെണ്ണം കറിവച്ച് ദേവിക്ക് സമര്‍പ്പിച്ച ശേഷം ബാക്കിയുള്ളത് ഇവര്‍ വീടുകളിലേക്ക് കൊണ്ട് പോകുന്നതായിരുന്നു പതിവെന്ന് പറയുന്നു. വവ്വാലുകളെ പിടികൂടാന്‍ കിട്ടിയില്ലെങ്കില്‍ ദേവി ഇവരോട് കോപിച്ചതായാണ് ഇവരുടെ വിശ്വാസം.
അതെ സമയം എട്ടു വര്‍ഷം മുമ്പ് ഈ ആചാരത്തെ പറ്റി ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഫോറസ്റ്റുകാര്‍ ഇടപ്പെട്ടു വന മേഖലയില്‍ ഇവയെ പിടികൂടുന്നതിനും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒറ്റക്കും തെറ്റക്കും വവ്വാലുകളെ വനമേഖലയല്ലാത്ത സ്ഥലങ്ങളില്‍ നിന്നും പിടികൂടുന്നതായാണ് ആളുകള്‍ പറയുന്നത്. വവ്വാലുകളെ പിടികൂടുന്നതിന് പ്രത്യേക നിരോധനമൊന്നും ഇല്ലെന്നാണ് ആളുകള്‍ പറയുന്നത്.
നിപ വൈറസ് കാരണം പനി പടരുകയും ആളുകള്‍ ഭീതിയിലാവുകയും ചെയ്യുന്നതിനിടയിലാണ് കാസര്‍കോട്ട് കാലങ്ങളായി തുടരുന്ന ആചാരങ്ങളെ കുറിച്ച് മുമ്പ് എപ്പോഴോ എടുത്ത വവ്വാലുകളെ പിടികൂടുന്ന രംഗങ്ങള്‍ ഉള്‍പ്പെടെ വീഡിയോ സഹിതം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."