മമ്മൂട്ടിയുടെ കട്ടൗട്ടര്‍ സ്ഥാപിക്കല്‍ ഫാന്‍സ് അസോസിയേഷനും പൊലിസും കൊമ്പുകോര്‍ക്കുന്നു
ആലപ്പുഴ: ഈ മാസം 30ന് സംസ്ഥാനത്തെ മുഴുവന്‍ തീയറ്ററുകളിലും റിലീസാകാനിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സിനിമയെ ചൊല്ലി ആലപ്പുഴയില്‍ ഫാന്‍സ് അസോസിയേഷനും ജില്ലാ പൊലിസും കൊമ്പുകോര്‍ക്കുന്നു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ആലപ്പുഴ റെയ്ബാന്‍ സിനി ഹൗസിന് മുന്നില്‍ സ്ഥാപിച്ച പടക്കൂറ്റന്‍ കട്ടൗട്ടറാണ് പൊലിസിന് തലവേദനയായത്.
30ന് റിലീസാകാന്‍ പോകുന്ന ചിത്രം റെയ്ബാന്‍ സിനിഹൗസിലും മറ്റ് രണ്ടു തീയറ്ററുകളില്‍ക്കൂടി പ്രദര്‍ശിപ്പിക്കാനാണ് ആലോചന. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മെഗാസ്റ്റാറിന്റെ പൂര്‍ണകായ ചിത്രം പതിച്ച കട്ടൗട്ടര്‍ പ്രധാന പ്രദര്‍ശന നഗരിയായ റെയ്ബാന്‍ സിനി ഹൗസിനു മുന്നില്‍ സ്ഥാപിച്ചത്.
സൂര്യയുടെയും വിജയ്യുടെയും രണ്ട് സൂപ്പര്‍ ഹിറ്റു ചിത്രങ്ങള്‍ നിറഞ്ഞാടിയ തീയറ്ററിന് മുന്നില്‍ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന് സ്വാഗതമോതിയാണ് ഫാന്‍സ് കൂട്ടം കട്ടൗട്ടര്‍ സ്ഥാപിച്ചത്.
നേരത്തെ സൂര്യയും വിജയും നില്‍ക്കുന്ന കട്ടൗട്ടറുകള്‍ തീയറ്ററിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. അതേസ്ഥലത്തുതന്നെയാണ് മമ്മൂട്ടിയുടെ കട്ടൗട്ടറും ഫാന്‍സുക്കാര്‍ സ്ഥാപിച്ചത്.
ഇതിനെതിരെയാണ് തീയറ്ററിന് എതിര്‍വശത്ത് വാടകയ്ക്ക് താമസിക്കുന്ന മുന്‍ പൊലിസ് മേധാവി പരാതിയുമായി പൊലിസിനെ സമീപിച്ചത്. റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് പരാതി നല്‍കിയിട്ടുളളത്. നേരത്തെ ആലപ്പുഴയിലും പിന്നീട് വിവിധ ജില്ലകളിലും പൊലിസ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുളള കെ.എന്‍ ബാല്‍ ആണ് പരാതിക്കാരന്‍.
മുന്‍ പൊലിസ് മേധാവിയാകട്ടെ കേരള പൊലിസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണെന്ന് അറിയുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലാണ് പൊലിസിനെ കട്ടൗട്ടര്‍ നീക്കം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. മമ്മൂട്ടിയെന്ന മഹാനടനെ അപമാനിക്കാനുളള പൊലിസിന്റെ ഏത് നീക്കവും നേരിടുമെന്ന് ഭാരവാഹികള്‍ പറയുന്നു. 50 അടി ഉയരത്തില്‍ അരലക്ഷം രൂപ മുടക്കിയാണ് ഫാന്‍സ് കൂട്ടം ഈ കട്ടൗട്ടര്‍ സ്ഥാപിച്ചിട്ടുളളത്.
പൊലിസും അസോസിയേഷനും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടയില്‍ ഡി.വൈ.എഫ്.ഐ കട്ടൗട്ടറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു. ഇന്ന് രാവിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് മറ്റൊരു ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.
നായകന്‍മാരുടെ കട്ടൗട്ടറുകള്‍ പതിവായി സ്ഥാപിക്കുന്ന സ്ഥലത്ത് മമ്മൂട്ടിയുടെ ചിത്രം സ്ഥാപിച്ചപ്പോള്‍ അത് നീക്കം ചെയ്യാന്‍ ശ്രമിക്കുന്ന പൊലിസിന്റെയും മുന്‍ പൊലിസ് മേധാവിയുടെയും നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും ഫാന്‍സുക്കാര്‍ ആരോപിക്കുന്നു.
കട്ടൗട്ടര്‍ എന്തു വിലനല്‍കിയും സംരക്ഷിക്കുമെന്ന് നിലപാടിലാണ് ഫാന്‍സ് കൂട്ടം. എന്നാല്‍ പൊലിസും നിലപാടില്‍നിന്നും പിന്നോട്ടുപോയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."