യൂറോ കപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം; പോര്‍ച്ചുഗലിന് പോളിഷ് ടെസ്റ്റ്
പാരിസ്: യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗല്‍ പോളണ്ടിനെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് പോളണ്ട് ക്വാര്‍ട്ടറിലെത്തിയത്. പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെയാണ് പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.
തുല്ല്യ ശക്തികളുടെ പോരാട്ടം കൂടിയാണിത്. അവസാനം കളിച്ച 10 മത്സരങ്ങളില്‍ നാലു ജയം പോര്‍ച്ചുഗല്‍ സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണത്തില്‍ ജയം പോളണ്ടിനായിരുന്നു. എന്നാല്‍ യൂറോ കപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായിട്ടാണ്. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങാനാണ് സാധ്യത. വമ്പന്‍മാരുടെ കരുത്തുമായിറങ്ങിയ പോര്‍ച്ചുഗലിനു ടൂര്‍ണമെന്റിലിതു വരെ കരുത്തു പ്രകടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. പ്രീ ക്വാര്‍ട്ടറിലാണ് ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കാന്‍ ടീമിനായത്. മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫോം തന്നെയാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഹംഗറിക്കെതിരേ മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് സ്‌കോര്‍ ചെയ്യാനായത്.
ക്രൊയേഷ്യക്കെതിരേ നിശ്ചിത സമയത്ത് ടീമിലെ ഒരാള്‍ക്ക് പോലും ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുക്കാനായില്ല. അധിക സമയത്ത് ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോളി തടഞ്ഞപ്പോള്‍ റീബൗണ്ടില്‍ ക്വാറെസ്മ ലക്ഷ്യം കാണുകയായിരുന്നു. ഇതല്ലാതെ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് ക്രിസ്റ്റ്യാനോയുടേത്. മുന്നേറ്റത്തില്‍ നാനി, ഗോമസ് എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അതേസമയം പകരക്കാരനായിറങ്ങുന്ന റെനാറ്റോ സാഞ്ചസ് മികച്ച പ്രകടനമാണ് നടത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ കളിയിലെ താരമായതും സാഞ്ചസായിരുന്നു.
മുഴുവന്‍ സമയം സാഞ്ചസിനെ കളത്തിലിറക്കിയാല്‍ ടീമിന്റെ മുന്നേറ്റത്തില്‍ കാര്യമായ മാറ്റം വരാന്‍ സാധ്യതയുണ്ട്.പ്രമുഖ താരങ്ങള്‍ക്ക് പരുക്കോ സസ്‌പെന്‍ഷനോ പോര്‍ച്ചുഗല്‍ ടീമിനില്ല. ക്രൊയേഷ്യക്കെതിരേ പകരക്കാരനായിറങ്ങി ഗോള്‍ നേടി താരമായ റിക്കാര്‍ഡോ ക്വാറെസ്മ ആദ്യ ഇലവനില്‍ കളിക്കുമോയെന്ന് കോച്ച് വ്യക്തമാക്കിയിട്ടില്ല. മധ്യനിരയില്‍ കാര്‍വാലോ, സില്‍വ എന്നിവരും പ്രതിരോധത്തില്‍ പെപ്പെ, ഗുറെയ്‌റോ, സോറസ് എന്നിവരും പോര്‍ച്ചുഗീസ് ടീമിലുണ്ടെങ്കിലും പ്രധാന മത്സരങ്ങളില്‍ ഇവര്‍ ഫോമിലേക്കുയരാത്തത് ടീമിന് തിരിച്ചടിയാണ്.
സമാന അവസ്ഥയിലാണ് പോളണ്ടും. സൂപ്പര്‍ താരം റോബര്‍ട്ട് ലെവഡോസ്‌കിക്ക് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കാനും താരത്തിന് സാധിക്കുന്നില്ല. യാക്കൂബ് ബ്ലാസിക്കോവ്‌സ്‌കിയാണ് ഫോമിലുള്ള താരം. താരത്തിന്റെ നീക്കങ്ങളാണ് ടീമിനെ ഗോളിലേക്ക് നയിക്കുന്നത്. പരുക്കിന്റെ പിടിയിലുള്ള ഗോളി വോഷിയാക് സെസനി ക്വാര്‍ട്ടറിലും കളിക്കില്ല. ലൂക്കാസ് ഫാബിയാന്‍സി പകരം വലകാക്കും. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് കളിക്കാതിരുന്ന ബര്‍ട്ടോസ്‌ക് കപുറ്റ്‌സക പോര്‍ച്ചുഗലിനെതിരേ കളിക്കും. ക്രൈച്ചോവിയാക്, മാസിന്‍സ്‌കി, മിലിക് എന്നിവരുടെ മികച്ച നീക്കങ്ങള്‍ ടീമിന് മുതല്‍ക്കൂട്ടാണ്.
എന്നാല്‍ ഫിനിഷിങില്‍ ടീം ഇപ്പോഴും ദുര്‍ബലമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടു ഗോളുകള്‍ മാത്രമാണ് ടീം സ്‌കോര്‍ ചെയ്തത്. കരുത്തരായ ജര്‍മനിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചതിന്റെ കരുത്തുണ്ട് ടീമിന്. മധ്യനിരയും പ്രതിരോധവും മെച്ചപ്പെട്ട പ്രകടനമാണ് ടീമിനായി കാഴ്ച്ചവയ്ക്കുന്നത്. പിസ്‌ച്ചെക്ക്, ഗ്ലിക്ക്, പസ്ദാന്‍, എന്നിവര്‍ പ്രതിരോധ ക്കോട്ട കാക്കുമ്പോള്‍ ജെദ്‌സെജിക് മധ്യനിരയിലെ കരുത്തുറ്റ് താരമാണ്. ഗ്രോസിക്കിയും മധ്യനിരയില്‍ തിളങ്ങുന്ന താരമാണ്.
താരതമ്യം പരിശോധിച്ചാല്‍ മത്സരത്തില്‍ ആര്‍ക്കും മുന്‍തൂക്കമില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ അവസരങ്ങള്‍ മുതലാക്കുന്ന ടീമിന് സെമിയിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."