HOME
DETAILS

കത്തിത്തീരാതെ അവള്‍

  
backup
March 25 2017 | 23:03 PM

sunday-article-12563


അഞ്ചാം ക്ലാസ് വിദ്യാഭ്യാസം, തയ്യല്‍തൊഴില്‍ ഉപജീവനം, ഒരു എഴുത്തുകാരിക്ക് പാകമാകാത്ത ബയോഡാറ്റ. എന്നിട്ടും ഇന്നവര്‍ ഒരെഴുത്തുകാരിയായിരിക്കുന്നു. അനായാസ ആഖ്യാന ചാതുരികൊണ്ടും വായനക്ഷമത കൊണ്ടും ഏതൊരു സഹൃദയന്റെയും ഉള്ളുപൊള്ളിക്കുന്ന ഒരു നോവലിന്റെ ശില്‍പ്പി. സ്പര്‍ശമെന്നാണ് നോവലിന്റെ പേര്. മലപ്പുറം കരുളായി മൈലമ്പാറയിലെ കുറ്റിയില്‍ സൗജത്തെന്ന വീട്ടമ്മ സ്വയമൊരു നോവലായി മാറിയ കഥ വേദനാജനകമാണ്. അതിനവര്‍ താണ്ടിയ കഷ്ടപ്പാടിന്റെയും വേദനയുടെയും മഹാകടലുകള്‍ ഞെട്ടിക്കുന്നതുമാണ്. അതിജീവനത്തിന്റെ ആ കഥ അവര്‍ തന്നെ പറയുന്നു.

സൗജത്ത് നോവലായ കഥ


സാഹിത്യലോകത്തേക്ക് എത്തുമെന്ന് ഒരിക്കല്‍ പോലും നിനച്ചിട്ടില്ല ഈ വീട്ടമ്മ. കഥയെഴുതുക. അതൊരു നോവലായി മാറുക. പിന്നീട് അക്ഷരവെളിച്ചം കാണുക. വേണ്ടപ്പെട്ടവരില്‍ നിന്നു നല്ല വാക്കുകള്‍ കേള്‍ക്കുക. ഇതിനൊന്നും ഇടമുണ്ടാകുമെന്നു സ്വപ്നം പോലും കണ്ടിട്ടുമില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ തന്നെ മാത്രം ആശ്രയിക്കുന്നവരെ ജീവിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു ചെറുപ്പം മുതലേ. അങ്ങനെയാണ് ഏറെ പ്രതീക്ഷയോടെ മണല്‍ക്കാട്ടിലേക്കു വിമാനം കയറിയത്. മസ്‌കറ്റില്‍ അറബി വീട്ടിലെ ജോലിക്കാരിയാകാന്‍. എന്നാല്‍ മൂന്നു വീടുകളില്‍ ഒരേ സമയം വെന്തുരുകാനായിരുന്നു യോഗം. ആ അനുഭവത്തെ ഭാവനയുടെ താലത്തില്‍ മുക്കി വരച്ചപ്പോഴാണ് ജീവിതം തന്നെ നോവലായത്.
അറബിക്കുട്ടികള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കടലാസുതുണ്ടിന്റെ മനോഹാരിത കണ്ടപ്പോള്‍ സൗജത്തിന്റെ മനസ് തേങ്ങി. ഒരു നോട്ടുപുസ്തകം പോലും വാങ്ങാന്‍ കഴിയാതെ നാട്ടിലെ സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്ന സ്വന്തം മക്കളുടെ മുഖം നോവായി നീറി. ആ തുണ്ടുകടലാസുകള്‍ ശേഖരിച്ചുവച്ചു.


ഡയറിയെഴുതണമെന്നായിരുന്നു ലക്ഷ്യം. പിന്നീട് അതില്‍ ഓരോന്നു കുത്തിക്കുറിച്ചു. മനസില്‍ തോന്നിയതെല്ലാം കോറിയിട്ടു. പിന്നീടതിന് കഥയെന്നും കവിതയെന്നും പേരിട്ടു. ഉറ്റവരെ പിരിഞ്ഞുള്ള വേദനയുടെ വിങ്ങല്‍ മറക്കാന്‍ കൂടിയായിരുന്നു എഴുത്ത്. മുന്‍പൊരിക്കലും എഴുതിയിട്ടുണ്ടണ്ടായിരുന്നില്ല. ഒഴുക്കിനെതിരേ മാത്രം നീന്താന്‍ വിധിക്കപ്പെട്ടപ്പോഴും വിധിയോട് സമരസപ്പെട്ട് മുന്നേറിയ ജീവിതത്തെ പുനരാവിഷ്‌കരിക്കുകയായിരുന്നു പിന്നെ.

കഥയല്ലിതു ജീവിതം


ചെറുപ്രായത്തിലെ പിതാവിന്റെ വേര്‍പ്പാട്. കൊടിയ ദാരിദ്ര്യം. സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പട്ടിണി മാത്രം പൂക്കുന്ന വീട്ടില്‍ നിന്ന് ഉമ്മയുടെ കൂടെ പതിനെട്ടാം വയസില്‍ ബീഡി തെറുപ്പിനു പോയി സൗജത്ത്. കൂടെ സഹോദരി സുനിതയും. അങ്ങനെ ഇരുവരും കുടുംബത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു. വിവാഹ ശേഷം കൂടെയുണ്ടാകുമെന്നു കരുതിയ ഭര്‍ത്താവും പാതിവഴിയില്‍ ഉപേക്ഷിച്ചുപോയി.


പിന്നെയുള്ള ജീവിതം മക്കള്‍ക്കും ഉമ്മയ്ക്കും വേണ്ടിയായിരുന്നു. എന്നിട്ടും ദാരിദ്ര്യം കൊഞ്ഞനം കുത്തുന്ന വീട്ടില്‍ നിന്ന് 2005ലാണ് മസ്‌കറ്റിലേക്ക് അവര്‍ വിമാനം കയറിയത്. അറബിവീട്ടിലെ അടുക്കളപ്പണിക്ക്. നാലു വര്‍ഷത്തേക്കുള്ള വിസ. എന്നാല്‍ വിസയില്‍ പറഞ്ഞ ജോലിയായിരുന്നില്ല കിട്ടിയത്. ഒരു അറബിയുടെ വീട്ടിലെ ജോലിയേ ഏജന്റ് പറഞ്ഞിരുന്നുള്ളൂ. ചെയ്യേണ്ടിവന്നതോ മൂന്നു വീടുകളിലെ അടിമപ്പണി. അതിനും പറഞ്ഞ ശമ്പളം കിട്ടിയില്ല. നാട്ടിലെ ആറായിരം രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. കിട്ടിയിരുന്നതോ നാലായിരത്തി അഞ്ഞൂറ് രൂപയും. മൂന്നു വീട്ടുകാരുടെ ആട്ടും തുപ്പും സഹിക്കണം. അടിയും ഇടിയും കൊള്ളണം. മനുഷ്യജന്മമാണെന്ന പരിഗണനപോലും തരില്ല. നമ്മള്‍ പട്ടികള്‍ക്കുപോലും അനുവദിച്ചുകൊടുക്കും അതിനേക്കാള്‍ അവകാശം. പൂച്ചകള്‍ക്കുപോലും നല്‍കും അതിലേറെ ഭക്ഷണം.
അവഗണനകളെ കുടിച്ചുവറ്റിച്ചു. പട്ടിണി മാറ്റാന്‍ വിമാനം കയറിവന്നിട്ട് അവിടെയും പട്ടിണി. രാവും പകലും കഠിനമായ വീട്ടുജോലികള്‍ ചെയ്തു. ഒരൊഴിവുമുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച പോലും അനുവദിച്ചില്ല അല്‍പം വിശ്രമം. അലക്ക്, വിറകുകീറല്‍, ഭക്ഷണം പാകം ചെയ്യല്‍, വീടുകള്‍ വൃത്തിയാക്കല്‍. സഹിച്ചും ക്ഷമിച്ചും ഹൃദയം കല്ലായിപ്പോയിരുന്നു. കരയാന്‍ കണ്ണുനീര്‍പോലും വറ്റിയിരുന്നു. പിറന്ന നാടിനി കാണുമെന്നേ കരുതിയില്ല. മക്കളുടെയും ഉമ്മയുടെയും സുരക്ഷിതത്വത്തിലേക്കു മടങ്ങിച്ചെല്ലാനാകുമെന്നും വിചാരിച്ചതല്ല. ജോലിക്കിടയില്‍ മരിച്ചുവീഴുമെന്നു തോന്നിയ എത്രയോ സന്ദര്‍ഭങ്ങള്‍. മരണത്തെ മുഖാമുഖം കണ്ട അവസരങ്ങള്‍. പ്രാര്‍ഥന മാത്രമായിരുന്നു പിന്നെ, പ്രാര്‍ഥന മാത്രം.


പുലര്‍ച്ചെ ഉണരുന്നു അറബി വീടുകള്‍. അതോടൊപ്പം സൗജത്തെന്ന യന്ത്രവും ഉണരണം. ഉണര്‍ന്നേ പറ്റൂ. ഇല്ലെങ്കില്‍ അടിയുറപ്പ്. ശേഷം മൂന്നു വീടുകളിലേക്കും ഓടണം. അവിടെയും മെഷീന്‍ കണക്കേ തിരിയണം. വിശ്രമമില്ല. നേരത്തിനു ഭക്ഷണമില്ല. ജോലി ചെയ്തു തളര്‍ന്നു കിടക്കാന്‍ നേരം അര്‍ധരാത്രി പിന്നിടും. അതിനിടയില്‍ ഏക ആശ്വാസം അറബി വീട്ടിലെ അസ്മയെന്ന പേരക്കുട്ടിയായിരുന്നു. അയല്‍വാസിയായ മുന്നയും. ആരും കാണാതെ അവര്‍ അന്നം തരും. വെള്ളം തരും. വസ്ത്രങ്ങളും. രഹസ്യമായി വീട്ടിലേക്കു വിളിക്കാനുള്ള സൗകര്യവും ഒരുക്കിത്തരും. എല്ലാം നിഷേധിക്കുന്നവര്‍ക്ക് പടച്ചവന്‍ കനിഞ്ഞേകിയ കാരുണ്യത്തിന്റെ മുഖങ്ങളായിരുന്നു അവര്‍.

മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക്


പുലര്‍ച്ചെ മുതല്‍ യന്ത്രം കണക്കെ കറങ്ങി അര്‍ധരാത്രി വരെ നീളുന്നണ്ട ജോലികള്‍ക്കു ശേഷവും ഉറങ്ങില്ല. ഉറക്കമിളച്ച് ആരും കാണാതെ കടലാസു തുണ്ടുകളില്‍ ജീവിതമെഴുതും. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ഡയറിയിലേക്കു പകര്‍ത്തിവയ്ക്കും. ലൈറ്റിട്ടാല്‍ അറബി വഴക്കുപറയും. കോലായിയുടെ പുറത്തെ വെട്ടത്തിലും തെരുവുവിളക്കിന്റെ വെളിച്ചത്തിലുമായിരുന്നു എഴുത്ത്. രണ്ടുവര്‍ഷം അടിമവേല തുടര്‍ന്നു. സഹിക്കാന്‍ വയ്യായിരുന്നു. വീണ്ടും ദൈവത്തിന്റെ കൃപയുണ്ടായി. നാട്ടിലേക്കു തിരിക്കാനുള്ള വഴി തെളിഞ്ഞു. ദൈവത്തിന് സ്തുതി... അതും രണ്ടു മാസത്തെ അവധിക്ക്. അറുപതാം നാളില്‍ തിരിച്ചെത്താമെന്ന ഉറപ്പില്‍ അറബി പോകാന്‍ അനുവദിച്ചു. അതിനുവേണ്ടി താണ്ടിയ ദൂരങ്ങള്‍ അതിലേറെ.
മടക്കയാത്രയിലും സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കൂടെ എഴുതിക്കൂട്ടിയ 208 പേജുകളും കൈയില്‍ കരുതി. പത്തുവര്‍ഷമാണ് ആ കടലാസുതുണ്ടുകള്‍ നിധിപോലെ സൂക്ഷിച്ചുവച്ചത്.


ഇത് പുനര്‍ജന്മമാണ്. പടച്ചവന്റെ ബോണസ്. ഗള്‍ഫനുഭവങ്ങള്‍ ഏറെ തളര്‍ത്തിയെങ്കിലും പൂക്കോട്ടുംപാടം ഒറ്റകത്ത് പൂക്കോയ തങ്ങളുടെയും ആയിശയുടെയും മൂത്ത മകള്‍ക്ക് തളര്‍ന്നിരിക്കാനാകുമായിരുന്നില്ല. മറ്റുള്ളവര്‍ തളിര്‍ത്തുപൂക്കണമെങ്കില്‍ അവര്‍ കരിഞ്ഞു വാടുകതന്നെ വേണമായിരുന്നു.


അതുകൊണ്ടാണ് ഫാദര്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള മാനവിഗ്രാമാശ്രമത്തിലേക്കു വൈകിയ പ്രായത്തിലും തയ്യല്‍ പഠിക്കാന്‍ പോയത്. അടുക്കളയിലും സഹായിച്ചു. മൂന്നു മക്കളില്‍ രണ്ടു പെണ്‍കുട്ടികളെ എങ്ങനെയൊക്കെയോ വിവാഹം കഴിപ്പിച്ചയച്ചു. വായന അപ്പോഴും കൂടെപ്പിറപ്പായിരുന്നു. അതൊരു ആശ്വാസമായി. പെരുമ്പാവൂരിലെ യെസ്പ്രസ് ബുക്‌സാണ് സ്പര്‍ശം നോവല്‍ വായനക്കാരിലെത്തിച്ചത്.

 

നോവലിനെക്കുറിച്ച്


അഞ്ചാം ക്ലാസ് മാത്രം യോഗ്യതയുള്ള മുന്‍പ് ഒരു ചെറുകഥ പോലും എഴുതാത്ത സാധാരണ വീട്ടമ്മയുടെ നോവലെഴുത്ത് തന്നെ ചില്ലറയൊന്നുമല്ല അത്ഭുതപ്പെടുത്തിയതെന്ന് പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പില്‍ ജോളി കളത്തില്‍ പറയുന്നു. ജാതി-മത ചിന്തകള്‍ കുത്തിവച്ച് വര്‍ഗീയത സൃഷ്ടിക്കുന്ന ഇക്കാലത്തു മതഭ്രാന്തിനെ മനസില്‍ നിന്നു തൂത്തെറിഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാനുള്ള ശ്രമവും ഈ നോവലിലൂടെ പ്രകടമാവും.
മക്കളായ സബ്‌നയും ജഫ്‌നയും ജസീദും ഉമ്മയ്ക്ക് പ്രോത്സാഹനമായി എപ്പോഴും കൂടെയുണ്ട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സൗജത്തിന്റേതായി നിരവധി ചെറുകഥകളും കവിതകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തയ്യല്‍ക്കാരിയായി ജീവിതം തുന്നുമ്പോഴും എവിടെയൊക്കെയോ ഇഴയടുക്കുന്നില്ല. എങ്കിലും നാട് സമാധാനം തരുന്നു. അതുകൊണ്ടുതന്നെ എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. സൗജത്തിന്റെ ഫോണ്‍: 9495010232.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago