വേനല്‍മഴ നിലച്ചു; വൈദ്യുതി ഉപഭോഗം വീണ്ടും ഉയരുന്നു
തൊടുപുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നാഴ്ചയായി തുടര്‍ന്ന വേനല്‍ മഴ നിലച്ചു. ഇതോടെ ചൂട് വര്‍ധിക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗവും കുത്തനെ ഉയര്‍ന്നു തുടങ്ങി. ഇന്നലെ സംസ്ഥാനത്തെ പദ്ധതി പ്രദേശങ്ങളിലൊന്നും ഒരുതുള്ളി മഴ പെയ്തിട്ടില്ല. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നാമമാത്രമായി.
കഴിഞ്ഞയാഴ്ചകളില്‍ 70 ദശലക്ഷം യൂനിറ്റില്‍ താഴെ നിന്നിരുന്ന വൈദ്യുതി ഉപഭോഗം ഇന്നലെ 74.78 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. വെള്ളിയാഴ്ച 73.608 ദശലക്ഷം യൂനിറ്റും വ്യാഴാഴ്ച 71.868 ദശലക്ഷം യൂനിറ്റുമായിരുന്നു ഉപഭോഗം. ഉപഭോഗം കുത്തനെ ഉയര്‍ന്നു തുടങ്ങിയതോടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം കെ.എസ്.ഇ.ബി ഉയര്‍ത്തി. 17.824 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം.
കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടായില്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യമായ ആശങ്കകള്‍ക്ക് വകയില്ലെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്ററിന്റെ വിലയിരുത്തല്‍. കാലവര്‍ഷം പ്രതീക്ഷിക്കുന്ന ജൂണ്‍ മാസം എത്താന്‍ ഇനി 67 ദിവസങ്ങളാണ് പിന്നിടാനുള്ളത്. 1363.285 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടുകളില്‍ അവശേഷിക്കുന്നത്. ഇത് മൊത്തം സംഭരണശേഷിയുടെ 33 ശതമാനമാണ്. ആഭ്യന്തര ഉല്‍പ്പാദനം ശരാശരി 20 ദശലക്ഷം യൂനിറ്റ് വീതം നടത്തിയാലും ജൂണ്‍ ഒന്നുവരെ പിടിച്ചുനില്‍ക്കാനാകും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു.
ഈ വര്‍ഷം ഉപഭോഗം ഇതിനും മുകളില്‍ പോകുമെന്നാണ് വിലയിരുത്തല്‍. മലപ്പുറം ജില്ലയിലെ അരീക്കോട് പുതിയ 400 കെ.വി സബ് സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്ത സാഹചര്യത്തില്‍ 62 ദശലക്ഷം യൂനിറ്റ് വൈദ്യുതിവരെ പുറത്തുനിന്നും കൊണ്ടുവരാനാകും. നേരത്തെ 58 - 60 ദശലക്ഷം യൂനിറ്റ് വരെയാണ് പരമാവധി എത്തിക്കാന്‍ കഴിഞ്ഞിരുന്നത്.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉല്‍പ്പാദനം 5.788 ദശലക്ഷം യൂനിറ്റായിരുന്നു. ശബരിഗിരി 4.5075, ഇടമലയാര്‍ 1.071, ഷോളയാര്‍ 1.0924, പള്ളിവാസല്‍ 0.5518, കുറ്റ്യാടി 2.0308, നേര്യമംഗലം 0.1868, ലോവര്‍പെരിയാര്‍ 0.264, പെരിങ്ങല്‍കുത്ത് 0.554, ചെങ്കുളം 0.2849, കക്കാട് 0.6488, കല്ലട 0.0712, മലങ്കര 0.1011 എന്നിങ്ങനെയാണ് മറ്റ് പദ്ധതികളിലെ ഇന്നലത്തെ വൈദ്യുതി ഉല്‍പ്പാദനം. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 28 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."