മാതൃകയാക്കണം പ്രവാചകജീവിതം
പരിശുദ്ധമാസമായ റമദാനില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട പ്രത്യേകവിഷയം തെരഞ്ഞെടുത്തു വായിക്കല്‍ കുറച്ചുകാലമായി തുടരുന്ന ശീലമാണ്. ഇത്തവണ തെരഞ്ഞെടുത്തതു നബിയുടെ ജീവിതത്തെ അത്ഭുതത്തോടെ നോക്കിക്കണ്ട പാശ്ചാത്യപണ്ഡിതന്മാരുടെ പുസ്തകങ്ങളാണ്. അതില്‍ ആദ്യം വായിക്കാനാരംഭിച്ചത് ഇസ്‌ലാമികവിഷയങ്ങളില്‍ അഗാധമായ ജ്ഞാനമുണ്ടായിരുന്ന ജര്‍മന്‍ പണ്ഡിത അന്നെ മേരി ഷിമ്മല്‍ രചിച്ച 'ആന്‍ഡ് മുഹമ്മദ് ഈസ് ഹിസ് മെസഞ്ചര്‍' എന്ന കൃതിയാണ്.
ആ പുസ്തകം സൂക്ഷ്മമായി വായിക്കുന്നതിനിടയിലാണ്, പ്രവാചകന്റെ ഉറ്റതോഴനും ആദ്യ ഖലീഫയുമായ അബൂബക്കര്‍ സിദ്ദീഖ് നടത്തിയ ഒരു പരാമര്‍ശം മനസില്‍ പതിഞ്ഞത്. ''അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞതും ചെയ്തതും ആചരിച്ചതുമായ ഒന്നുപോലും പരിഗണിക്കാതിരിക്കാന്‍ എനിക്കാവില്ല. അങ്ങനെ ചെയ്യുന്നത് വഴിതെറ്റലാകുമെന്നു ഞാന്‍ ഭയക്കുന്നു.'' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ വാക്കുകളുടെ പൊരുള്‍ ഈ പരിശുദ്ധമാസത്തില്‍ എല്ലാവരും, (എല്ലാ മുസ്‌ലിംകളുമെന്നല്ല, എല്ലാ നല്ല മനുഷ്യരും) മനസില്‍ ഉറപ്പിച്ചു നിര്‍ത്തേണ്ടതാണ്. പ്രവാചകന്റെ ഓരോ വാക്കും പ്രവൃത്തിയും നടപടിയും ജീവിതചര്യയും അംഗചലനങ്ങള്‍പോലും മാതൃകാപരമാണെന്നാണ് അബൂബക്കര്‍ സിദ്ദീഖ് അര്‍ഥമാക്കിയത്. അതില്‍ വളരെ നിസാരമെന്നു നമുക്കു തോന്നുന്നതുപോലും ഒഴിവാക്കുന്നതു പ്രവാചകചര്യയെ പിന്‍പറ്റുന്നതില്‍ നിന്നുള്ള വ്യതിചലനമാകുമെന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.
''പ്രവാചകന്റെ സ്വഭാവം ഖുര്‍ആനാണ്. ഖുര്‍ആനികാധ്യാപനങ്ങളുടെ വ്യക്തമായൊരു ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം.'' എന്ന ആഇശയുടെ വാക്കുകളുടെ പൊരുളും ഇതു തന്നെ. പരിശുദ്ധ ഖുര്‍ആനിലെ സദാചാരനിര്‍ദേശങ്ങളില്‍നിന്ന് കടുകിട തെറ്റാത്തതായിരുന്നു പ്രവാചകന്റെ ജീവിതം.
വിഖ്യാത മതപണ്ഡിതനായ അല്‍ ഗസാലി പറയുന്നു: 'മതാചാരമനുസരിച്ചും അല്ലാഹുവിന്റെ സന്ദേശവാഹകന്റെ ജീവിതത്തെ അനുകരിച്ചും ജീവിക്കുകയാണ് ഏറ്റവും സന്തോഷകരമായ കാര്യം. പ്രവാചകന്റെ ഓരോ ചലനത്തിന്റെയും വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും ഭക്ഷണശീലത്തിന്റെയും സംസാര രീതിയുടെയും പ്രത്യേകത മാതൃകാപരമാണ്. പ്രവാചകചര്യ അനുകരിക്കുന്നതു ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗമാണ്. '
ജോര്‍ജ് ബര്‍നാഡ് ഷായുടെ വാക്കുകള്‍ പ്രശസ്തമാണല്ലോ: ''ഇത്തരമൊരു മനുഷ്യന്‍ ആധുനികലോകത്തിന്റെ സര്‍വാധിപതിയായി മാറിയിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ചുപോകുകയാണ്. എങ്കില്‍ അദ്ദേഹത്തിനു വളരെക്കുറഞ്ഞ കാലം കൊണ്ടു ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിച്ചു സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യാന്‍ കഴിയുമായിരുന്നു' എന്നാണു ബര്‍നാഡ് ഷാ അതിശയത്തോടെ പറഞ്ഞത്.
ലോകത്ത് ഇന്നുവരെ ജീവിച്ചവരില്‍ ഏറ്റവും മികച്ച മാതൃകാപുരുഷനാണു മുഹമ്മദ് നബിയെന്നു വാഴ്ത്തുകയാണു ലോകപ്രശസ്തരായ വ്യക്തികള്‍ പലരും.
വാക്കും പ്രവൃത്തിയും ഒന്നാവുകയെന്നതിന്റെ അനിവാര്യതയിലേയ്ക്കാണ് ഈ പരാമര്‍ശങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്. ഉന്നതമായ ആശയങ്ങളും ആദര്‍ശങ്ങളും പറയുന്നവര്‍ ധാരാളമുണ്ട്. പറയുന്ന കാര്യങ്ങളൊന്നും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാറില്ല. തങ്ങളുടെ കര്‍ത്തവ്യം മറ്റുള്ളവര്‍ക്കു സന്മാര്‍ഗം കാണിച്ചുകൊടുക്കല്‍ മാത്രമാണെന്ന് അത്തരക്കാര്‍ വിശ്വസിക്കുന്നു. അവരെ മാതൃകാപുരുഷന്മാര്‍ എന്നു പറയാനാവില്ല.
ഈ പുണ്യനാളുകളില്‍ ഓരോ വിശ്വാസിയും, ഓരോ മനുഷ്യനും ഹൃദയം തുറന്ന് സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്, 'സദാചാരമെന്നു വിശേഷിപ്പിക്കാവുന്ന എത്ര കാര്യങ്ങള്‍ ഞാന്‍ അനുവര്‍ത്തിക്കുന്നുണ്ട്.'
'പത്തി പുറമേ.., കത്തിയകമേ...' എന്നൊരു ചൊല്ലുണ്ട്. മനസില്‍ വിഷവും പകയും നിറച്ച്, മുഖത്തു പുഞ്ചിരി പരത്തി കഴിയുന്നവരെക്കുറിച്ചാണ് അതു പറയുക. പൂന്താനം പാടിയപോലെ, പിറക്കുമ്പോഴും മരിക്കുമ്പോഴും കൂട്ടില്ലാത്തവര്‍ ജീവിതമെന്ന ഹ്രസ്വകാലത്തു പരസ്പരം കുതികാല്‍ വെട്ടുന്നതിനു മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണു പ്രവാചകനെപ്പോലുള്ളവരുടെ മാതൃകാജീവിതം.
ഏതു പ്രതിസന്ധിഘട്ടത്തിലും അവര്‍ സ്ഥിതപ്രജ്ഞരായിരിക്കും. വിശപ്പുമാറ്റാന്‍ വല്ലതുമുണ്ടോയെന്നു ചോദിച്ച് തന്റെ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി വന്നവരെക്കുറിച്ച് ഉമ്മു മഅ്ബത് എന്ന വീട്ടുകാരി ഭര്‍ത്താവിനോടു പറയുന്നു വാക്കുകള്‍ ഓര്‍ക്കുക:
''നിഷ്‌കളങ്കതയും വിശാലവീക്ഷണവും നിഴലിക്കുന്ന മുഖഭാവമാണ് അവരില്‍ പ്രധാനിയുടേത്. അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മാന്യമായിരുന്നു. സ്വരം ആജ്ഞാപൂര്‍ണമായിരുന്നു. പ്രശാന്തവും ചിന്തോദ്ദീപകവും ഉദാത്തവുമായിരുന്നു സംസാരം. അകലെനിന്നു വരുമ്പോള്‍ത്തന്നെ വശ്യത തോന്നിയിരുന്നു. അടുത്തെത്തിയപ്പോള്‍ ബഹുമാനംതോന്നി. അനുയോജ്യമായ വാക്കുകള്‍ മാത്രമുപയോഗിച്ചു മധുരതരമായാണ് അദ്ദേഹം സംസാരിച്ചത്. ഓരോവാക്കും സത്യത്തിന്റെയും ആത്മാര്‍ഥതയുടെയും തെളിവുകളായിരുന്നു.''
പ്രവാചകനെക്കുറിച്ചാണ് ആ വാക്കുകളെന്നു പ്രത്യേകം പറയേണ്ടല്ലോ.
'ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്' എന്ന ഗ്രന്ഥത്തില്‍ തോമസ് കര്‍ലൈല്‍ പറയുന്നതു ശ്രദ്ധിക്കൂ: 'നിങ്ങള്‍ പറയുന്നു, അവര്‍ അദ്ദേഹത്തെ പ്രവാചകനെന്നു വിളിച്ചിരുന്നുവെന്ന്. എന്തുകൊണ്ട്. നിഗൂഢതയുടെ ഒരു പരിവേഷവുമില്ലാതെ അനാവൃതമായി അദ്ദേഹം അവരോടൊപ്പം നിന്നു. എല്ലാവര്‍ക്കും മുന്നില്‍വച്ചു സ്വന്തം ചെരുപ്പു നന്നാക്കുകയും പഴയവസ്ത്രം തുന്നുകയും യുദ്ധംചെയ്യുകയും അവരുടെയിടയില്‍ നിന്നുകൊണ്ടുതന്നെ കല്‍പനകള്‍ പുറപ്പെടുവിക്കുയും ചെയ്തു. ഏതുതരത്തിലുള്ള മനുഷ്യനാണ് അതെന്ന് അവര്‍ സ്വാഭാവികമായും മനസിലാക്കിയിരിക്കാം.നിങ്ങള്‍ക്കദ്ദേഹത്തെ ഇഷ്ടമുള്ള പേരുവിളിക്കാം.
എന്തുതന്നെ വിളിച്ചാലും ഒരുകാര്യം സത്യമാണ്. പഴന്തുണികൊണ്ടുള്ള മേല്‍ക്കുപ്പായമണിഞ്ഞ ഈ മനുഷ്യന്‍ അനുസരിക്കപ്പെടുംവിധം കിരീടമണിഞ്ഞ ഒരു ചക്രവര്‍ത്തിയും സ്വന്തംപ്രജകളാല്‍ അനുസരിക്കപ്പെട്ടിരുന്നില്ല.'
മരണശയ്യയില്‍പ്പോലും അദ്ദേഹം അങ്ങേയറ്റം വിനയാന്വിതനായിരുന്നു:
''നിങ്ങളില്‍ ചിലര്‍ക്കൊക്കെ ഞാനെന്തെങ്കിലും കടപ്പെട്ടിട്ടുണ്ടായിരിക്കാം. ഞാനും ഒരു മനുഷ്യനാണല്ലോ. ആരുടെയെങ്കിലും അഭിമാനത്തെ ഞാന്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്തംചെയ്യുന്നു. ആരെയെങ്കിലും ഞാന്‍ പോറലേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെന്നോടു പ്രതികാരം ചെയ്യാം. ആര്‍ക്കെങ്കിലും ഞാന്‍ കടപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെന്റെ സമ്പാദ്യംമുഴുവനുമെടുക്കാം. എനിക്കാരോടും പകയില്ല. പകയെന്ന വാക്കിനെ ഞാന്‍ വെറുക്കുന്നു!''
പകയില്ലാത്ത മനുഷ്യരാകാന്‍ നമുക്കെല്ലാം സാധിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."