മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്
തൃശൂര്‍: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും വിലക്ക്. കേരള ലളിതകലാ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും തുടര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലുമായിരുന്നു മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
സാഹിത്യ അക്കാദമി ഹാളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിലേക്കു മുന്‍കൂട്ടി ക്ഷണിച്ചപ്രകാരമാണു മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മാധ്യമപ്രവര്‍ത്തകരെ പരിപാടിയിലേക്ക് കടത്തിവിടേണ്ടെന്ന് പൊലിസ് തീരുമാനിക്കുകയായിരുന്നു. പരിപാടി നടക്കുന്ന ഹാളിന്റെ കവാടത്തില്‍ കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഹാളിനു പുറത്തുപോകണമെന്ന അറിയിപ്പും സംഘാടകര്‍ മൈക്കിലൂടെ നടത്തി. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് പി.ആര്‍.ഡി ഡയറക്ടര്‍ക്കു കത്തുനല്‍കിയതായി പ്രസിഡന്റ് കെ. പ്രഭാത്, സെക്രട്ടറി എം.വി വിനീത എന്നിവര്‍ പറഞ്ഞു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."