കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യംചെയ്യാന്‍ പൊലിസിന് പരിശീലനം
തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ പൊലിസിന് പ്രത്യേകം പരിശീലനം നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി ഓരോ പൊലിസ് സ്റ്റേഷനിലും ഒരു വനിതാ കോണ്‍സ്റ്റബിളിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോക്സോ കേസുകളുടെ റിപ്പോര്‍ട്ടിങ്ങിലും കുട്ടികളുടെ പുനരധിവാസത്തിലും നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംസ്ഥാനത്തെ സ്പെഷല്‍ ജുവനൈല്‍ പൊലിസ് യൂനിറ്റ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍, ചൈല്ഡ്ലൈന് കോ-ഓഡിനേറ്റര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്മാര് എന്നിവര്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോക്സോ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു.
കുട്ടികളെ രൂപപ്പെടുത്തുന്നത് സമൂഹം ആയതിനാല്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ സി.ജെ ആന്റണി പറഞ്ഞു.
ഇതാണ് കമ്മിഷന് ഈ വര്‍ഷം മുന്നോട്ടുവയ്ക്കുന്ന ആശയം. ഇക്കാര്യത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ക്രിയാത്മകമായി പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷന്‍ പി.ജി ഗോപാലകൃഷ്ണന് നായര്‍, ചൈല്‍ഡ് ലൈന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജോസഫ്, എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ കെ.കെ സുബൈര്‍, ഷീബ ജോര്‍ജ്, സിസ്റ്റര്‍ ബിജി ജോസ്, ഡോ. എം.പി ആന്റണി, എന്‍. ശ്രീല മേനോന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."