സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് നിര്‍ബന്ധം
തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് നിര്‍ബന്ധം. ഡ്രൈവര്‍മാര്‍ മദ്യപിച്ചല്ല വാഹനം ഓടിക്കുന്നതെന്നും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊലിസിന് നിര്‍ദേശം നല്‍കി.
ഇതിനായി ഈ മാസം 31നകം പി.ടി.എ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡി.ഇ.ഒമാരുടെയും യോഗം സബ് ഡിവിഷന്‍ തലത്തില്‍ വിളിച്ചുകൂട്ടി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. സ്‌കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം യോഗത്തില്‍ ചര്‍ച്ച ചെയ്യണം. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണം.
സ്‌കൂള്‍ ബസുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് ഡി.പി.ഐ പുറത്തിറക്കിയ സര്‍ക്കുലറിലെയും ഡി.ജി.പി നല്‍കിയ ഉത്തരവിലെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ പരിശോധനകള്‍ കര്‍ശനമാക്കണം. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടില്ലാത്ത സ്‌കൂളുകളില്‍ ഉടന്‍ തുടങ്ങണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കയറ്റുന്നതിനു വരിവരിയായി നിര്‍ത്തുന്നതിന് അധ്യാപകരുടെയും സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെയും സഹായം ഉറപ്പാക്കണം. റോഡ് മുറിച്ചുകടക്കുന്നതിനു പൊലിസിന്റെയും സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെയും സഹായം ഉറപ്പാക്കണം.
സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ബസുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.
മാല പൊട്ടിക്കല്‍ ശ്രമം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ കുട്ടികളെ കയറ്റാന്‍ അനുവദിക്കരുത്. വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍ ജീവനക്കാരോടും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കാന്‍ നിര്‍ദേശിക്കണം. സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, എന്‍.സി.സി, എന്‍.എസ്.എസ് യൂനിറ്റുകളിലെ വിദ്യാര്‍ഥികളെ സുരക്ഷാ ക്രമീകരണത്തിലുള്ള വീഴ്ചകള്‍ കണ്ടെത്തുന്നതിനും ബോധവല്‍ക്കരണത്തിനും ഉപയോഗപ്പെടുത്തണം. സൈബര്‍ സുരക്ഷ, സ്വയം പരിശീലനം, രക്ഷിതാക്കള്‍ക്കുള്ള നിയമ ബോധവല്‍ക്കരണം എന്നിവയ്ക്കു പൊലിസ് ഉദ്യോഗസ്ഥരുടെയും ചൈല്‍ഡ് ഫ്രണ്ട്‌ലി പൊലിസ് സ്റ്റേഷനുകളുടെയും സഹായം തേടാവുന്നതാണെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."