സ്‌കൂള്‍ ചലേ ഹം പദ്ധതി: സുബുക്കുള്‍ ഇസ്‌ലാമും സുബലക്ഷ്മിയും സ്‌കൂളിലേക്ക്
പെരുമ്പാവൂര്‍ : അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഓടക്കാലി നൂലേലി ഭാഗത്തെ അഞ്ചു കുട്ടികളെ അശമന്നൂര്‍ ഗവ.യു.പി സ്‌കൂളില്‍ ചേര്‍ത്തു. അബ്ദുള്‍ മാലിക്‌റുബിജ ദമ്പതികളുടെ മകനായ സുബുക്കുള്‍ ഇസ്‌ലാം(അഞ്ച്), റോബിന്‍ ചന്ദ്ര റാബി ചന്ദ്ര മാലിക് ദമ്പതികളുടെ മകളായ സുബലക്ഷ്മി(നാല്), ധര്‍മേന്ദര്‍ ദീപ ദമ്പതികളുടെ മകളായ അമൃത പ്രധാന്‍ (ഏഴ്) എന്നിവരെയാണു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ചേര്‍ത്തത്.
ഏഴും അഞ്ചും പ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ കൂടി ഈ സ്‌കൂളില്‍ നാളെ പ്രവേശിപ്പിക്കും.
സ്‌കൂളിലെത്തിയ നവാഗതര്‍ക്ക് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം യൂനിഫോം നല്‍കി സ്വീകരിച്ചു. ബി.ആര്‍.സിയിലെ ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.എം ആരിഫ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.ജെ ധീര എന്നിവര്‍ നടത്തിയ സര്‍വ്വേയിലാണ് ഇവരെ കണ്ടെത്തിയത്.
കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യം ഒരുക്കുമെന്ന് പ്രധാനാധ്യാപകന്‍ കുഞ്ഞപ്പന്‍ കെ.എ. അറിയിച്ചു. ഇനിയും സ്‌കൂളില്‍ എത്താത്ത കുട്ടികളെ ഉടന്‍ സ്‌കൂളിലെത്തിക്കാനുള്ള സത്വര നടപടികളെടുക്കുമെന്ന് അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കുറുപ്പംപടിയില്‍ നിന്ന് കണ്ടെത്തിയ രണ്ട് കുട്ടികളെക്കൂടി സ്‌കൂളില്‍ പ്രവേശിപ്പിച്ചു. ഒറീസക്കാരായ സുരേഷ് പദ്മിനി ദമ്പതികളുടെ മക്കളായ രൂപ(ആറ്), പ്രിയങ്ക(അഞ്ച്) എന്നിവരെയാണ് കഴിഞ്ഞ ദിവസം കുറുപ്പംപടി ഡയറ്റ്‌ലാബ് യു.പി സ്‌കൂളില്‍ ചേര്‍ത്തത്. വാര്‍ഡ് മെമ്പര്‍ പ്രീത എല്‍ദോസ് കുട്ടികള്‍ക്ക് യൂനിഫോമും, ഡയറ്റ ഫാക്കല്‍റ്റി ലിസി ടീച്ചര്‍ പാഠപുസ്തകവും നല്‍കി കുട്ടികളെ സ്വീകരിച്ചു.
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുവാനായി നടത്തിയ സര്‍വ്വേയിലാണ് കുട്ടികളെ കണ്ടെത്തിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, യൂനിഫോം, പാഠപുസ്തകം, സുരക്ഷിതവും വിവേചനരഹിതവുമായ സ്‌കൂള്‍ അന്തരീക്ഷവും ലഭിക്കുമെന്നറിഞ്ഞ സന്തോഷത്തിലാണു രക്ഷിതാക്കളും കുട്ടികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."