ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മാംസഭുക്കുകള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സസ്യാഹാര രീതി ശീലിക്കാനായി നീക്കം നടത്തുന്നതിനിടെ ഇന്ത്യയില്‍ ഭൂരിപക്ഷവും മാംസാഹാരം ശീലമാക്കിയവരാണെന്നു കണക്കുകള്‍. 80 ശതമാനം പുരുഷന്‍മാരും 70 ശതമാനം സ്ത്രീകളും മാംസാഹാരം ഭക്ഷിക്കുന്നവരാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍.എഫ്.എച്ച്.എസ്) വ്യക്തമാക്കുന്നു.
പോഷകാഹാരക്കുറവും അമിതവണ്ണവും കാരണമാണ് ശരാശരി ഇന്ത്യക്കാര്‍ ആഹാരരീതി ക്രമീകരിക്കുന്നത്. സ്ത്രീകളില്‍ 53ഉം പുരുഷന്‍മാരില്‍ 22ഉം ശതമാനം വിളര്‍ച്ച അനുഭവപ്പെടുന്നവരാണ്. സ്ത്രീകളില്‍ 20ഉം പുരുഷന്‍മാരില്‍18ഉം ശതമാനം അമിതവണ്ണത്താല്‍ പ്രയാസമനുഭവപ്പെടുന്നവരാണെന്നും ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്‍മാരാണ് കൂടുതലും മാംസാഹാരം ശീലമാക്കിയവര്‍. 29 ശതമാനം സ്ത്രീകളും 19 ശതമാനം പുരുഷന്‍മാരും മുട്ട കഴിക്കാത്തവരാണ്. പുരുഷന്‍മാരില്‍ 30 ശതമാനവും സ്ത്രീകളില്‍ 21 ശതമാനവും മത്സ്യമോ മാംസമോ ഇതുവരെ രുചിച്ചുനോക്കിയിട്ടുമില്ല. അവിവാഹിതരിലാണ് മാംസാംഹാരം കഴിക്കുന്നവര്‍ കൂടുതലുള്ളത്.
ക്രിസ്ത്യാനികളില്‍ മാംസം ഭക്ഷിക്കുന്ന പുരുഷന്‍മാര്‍75 ശതമാനവും സ്ത്രീകള്‍74 ശതമാനവുമാണ്. മുസ്‌ലിംകളിലെ 73 ശതമാനം പുരുഷന്‍മാരും 67 ശതമാനം സ്ത്രീകളും ഇറച്ചി ഭക്ഷിക്കുന്നു. മധ്യവര്‍ഗ വിഭാഗത്തിലാണ് മാംസാഹാരം ശീലമാക്കിയവര്‍ കൂടുതലുള്ളത്. ഈ വിഭാഗത്തില്‍ 52 ശതമാനം പേരും ഇറച്ചി ഭക്ഷിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലുമാണ് കൂടുതല്‍ മാംസാഹാരം ശീലമാക്കിയവരുള്ളത്. സസ്യ ഭുക്കുകള്‍ കൂടുതല്‍ ഉള്ളത് ഉത്തരേന്ത്യയിലാണ്. കേരളത്തിലെ 92.8 ശതമാനം പേരും മാംസഭുക്കുകളാണ്. ഗോവ (85), അസം (80) എന്നിവരാണ് കേരളത്തിനു പിന്നിലുള്ളത്. പഞ്ചാബില്‍(4 ശതമാനം) ആണ് ഏറ്റവും കുറവ്. പഞ്ചാബിനു മുകളില്‍ രാജസ്ഥാന്‍ (6), ഹരിയാന (7) എന്നീ സംസ്ഥാനങ്ങളാണ്. എന്നാല്‍ പഞ്ചാബിലെ 10 ശതമാനം പുരുഷന്‍മാര്‍ മാംസഭുക്കുകളാണ്. ത്രിപുരയിലെ 94 ഉം കേരളത്തിലെ 90ഉം ഗോവയിലെ 88ഉം ശതമാനം പുരുഷന്‍മാരും മാംസഭുക്കുകളാണ്.
രാജ്യത്ത് സസ്യാഹാരം ശീലമാക്കുന്നതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 31ന് തീവണ്ടികളില്‍ സസ്യാഹാരം മാത്രം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തിടെ മാംസാഹാരം ശീലമാക്കിയാല്‍ അമിതവണ്ണത്തിനു കാരണമാവുമെന്ന വിധത്തിലുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വന്ന പരസ്യം വിവാദമായതോടെ നീക്കം ചെയ്തിരുന്നു. ബി.ജെ.പി അധികാരത്തിലുള്ള മധ്യപ്രദേശിലെ സ്‌കൂളുകളില്‍ മുട്ടവിതരണം ചെയ്യുന്നത് 2015ല്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."