ഉനൈസിന്റെ മരണം: മയക്കുമരുന്ന് ഉപയോഗത്താലെന്നു പൊലിസ്
കണ്ണൂര്‍: എടക്കാട്ടെ ഓട്ടോ ഡ്രൈവറായ അരയറ്റാംകണ്ടി ഉനൈസിന്റെ മരണം അമിതമായ മയക്കു മരുന്ന് ഉപയോഗം മൂലമാണെന്നു കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി പൊലിസ്. ഹെറോയിന്‍ അമിതമായി കുത്തിവച്ചതിനെ തുടര്‍ന്നാണ് ഉനൈസിന്റെ മരണം സംഭവിച്ചതെന്നു കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നിന്നുള്ള അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമായതായി ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍ അറിയിച്ചു.
ആന്തരികാവയവത്തില്‍ പരുക്കുകളൊന്നുമില്ലെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. കൈയില്‍ മുഴുവന്‍ കുത്തിവയ്പ് എടുത്ത നിലയിലും കാലങ്ങളായി രക്തം കട്ടപിടിച്ച നിലയിലാണെന്നും കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡി.വൈ.എസ്.പി വ്യക്തമാക്കി.
ഈ മാസം രണ്ടിന് വീട്ടിലെ കിടപ്പുമുറിയില്‍ ഉനൈസ് മരിക്കാനിടയായതു എടക്കാട് പൊലിസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലിസിനെതിരേയുള്ള ഉനൈസിന്റെ കത്തും പുറത്തുവന്നിരുന്നു.
തുടര്‍ന്നു ബന്ധുക്കളുടെ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചിരിക്കെയാണു കെമിക്കല്‍ എക്‌സാമിനേഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."