വിജ്ഞാന വിപ്ലവത്തിലൂടെ സാമൂഹിക പ്രബുദ്ധത കൈവരിക്കുക: സ്വാദിഖലി തങ്ങള്‍
ഹിദായ നഗര്‍: സാക്ഷരതയും സാമൂഹിക പ്രബുദ്ധതയുമുള്ള സമൂഹ നിര്‍മിതിക്ക് വിജ്ഞാന വിപ്ലവം മാത്രമാണ് പരിഹാരമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പ്രബുദ്ധരാക്കുന്നതിന് സര്‍വമേഖലകളിലും വിദ്യാസമ്പന്നരായ തലമുറകളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ സംഘടനകളും സംവിധാനകളും അത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ സെക്രട്ടറി യു. ശാഫിഹാജി ചെമ്മാട് അധ്യക്ഷനായി. 'സഹോദരിമാര്‍; നന്മയുടെ സുഗന്ധപ്പൂക്കള്‍' എന്ന വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. ചടങ്ങില്‍ ഹാദിയ പ്രസാധന വിഭാഗമായ ബുക്ക് പ്ലസ് പുറത്തിറക്കിയ സിംസാറുല്‍ഹഖ് ഹുദവിയുടെ 'സൂറത്തുന്നൂര്‍ ഇസ്‌ലാമിലെ കുടുംബ സാമൂഹിക ധര്‍മങ്ങള്‍' എന്ന പുസ്തകം അല്ലിപ്പാറ കുട്ടിമോന്‍ കരിപ്പൂരിന് നല്‍കിയും സിദ്ദീഖ് നദ്‌വി ചേറൂര് എഴുതിയ 'ലിംഗസമത്വം എന്ന മിഥ്യ' എം.എം റശീദ് ഹാജിക്കു നല്‍കിയും സ്വാദിഖലി തങ്ങള്‍ പ്രകാശനം ചെയ്തു. ദാറുല്‍ഹുദാ യു.ജി യൂനിയന്‍ അസാസ് പുറത്തിറക്കിയ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രഭാഷണ പരമ്പര ഇന്നു സമാപിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. സമാപന ദുആക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."