മെഡിക്കല്‍ കോളജുകളുടെ അംഗീകാരം: സഭാകവാടത്തില്‍ പ്രതിപക്ഷ ധര്‍ണ
തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനം ഗുരുതര പ്രതിസന്ധി നേരിടുന്നതായും പ്രതിപക്ഷം ആരോപിച്ചു.
സഭ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് സഭാകവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന തീരുമാനം അന്യ സംസ്ഥാന ലോബിയെ സഹായിക്കാനാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മുന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ ഏഴു മെഡിക്കല്‍ കോളജുകള്‍ക്ക് പൂര്‍ണമായും രണ്ടെണ്ണത്തിന് ഭാഗികമായും അംഗീകാരം നഷ്ടമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ ഉപേക്ഷിക്കില്ലെന്നും സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."