കോട്ടമലയില്‍ പട്ടയം ലഭിച്ച ഭൂരഹിതരെ തഹസില്‍ദാര്‍ ഹിയറിങിന് വിളിച്ചു
രാമപുരം: കോട്ടമലയിലെ പട്ടയം ലഭിച്ച ലിസ്റ്റില്‍പ്പെട്ട 70 പേരെയും മീനച്ചില്‍ തഹസില്‍ദാര്‍ ഹിയറിങിന് വിളിച്ചു. മിച്ചഭൂമി പട്ടയത്തിന്റെ അസ്സല്‍, വസ്തുവില്‍ കൈവശം തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നാളെ ഹാജരാക്കാനാണ് നിര്‍ദ്ദേശം. കോട്ടമലയിലെ വിവാദമായ സ്ഥലം റവന്യൂ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ചേര്‍ന്ന് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്രിമ രേഖകള്‍ ഉണ്ടാക്കി ഒരു സ്വകാര്യ വ്യക്തിയ്ക്ക് കൈമാറുകയായിരുന്നു. ഭൂരഹിതരായ 70-പേര്‍ക്ക് ലിസ്റ്റ് ചെയ്‌തെങ്കിലും ഒരാള്‍ക്ക് പോലും സ്ഥലം കൈമാറുവാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നാളിതുവരെ തയ്യാറായിരുന്നില്ല.
പിന്നീട് രാമപുരം വില്ലേജ് ഓഫിസറും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് പാറമട ലോബിയില്‍ നിന്നും വന്‍തുക കൈക്കൂലി വാങ്ങി രേഖകളില്‍ തിരിമറി നടത്തി. പാറമട ലോബിയ്ക്ക് ആധാരം ചെയ്ത് നല്‍കിയിരുന്നു. വിവരാവകാശ രേഖകളിലൂടെ ഭൂമി തട്ടിപ്പ് പുറത്തുവന്നതോടെ പൊതുപ്രവര്‍ത്തകരായ ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുരേഷ് ഏഴാച്ചേരി, സി.പി.ഐ.എം. കിഴതിരി വാര്‍ഡ് മെമ്പര്‍ ബ്രാഞ്ച് സെക്രട്ടറി് മോഹനന്‍ താഴത്തിടപ്പാട്ട് എന്നിവര്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 70 പേരോടും തഹസില്‍ദാര്‍ രേഖകളുമായി ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്നത്. പാവപ്പെട്ട അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭിക്കുന്നതിന്റെ ആദ്യപടിയില്‍ എത്തിയതിന്റെ ആഹ്ലാദത്തിലാണ് കോട്ടമല സമര സമിതിയും നാട്ടുകാരും.
കോട്ടമല പാറമട വിരുദ്ധ സമരസമിതി രണ്ട് വര്‍ഷമായി നിരന്തരമായി സമരത്തിലാണ്. പാറമട ലോബി റവന്യു ഉദ്യോഗസ്ഥരേയും, രാഷ്ട്രീയക്കാരേയും സ്വാധീനിച്ച് രേഖകളില്‍ കൃത്രിമങ്ങള്‍ നടത്തി ഏതു വിധേനയും പാറമട തുടങ്ങുവാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
മീനച്ചില്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ പടി ലഭിക്കുന്ന വില്ലേജ് ഓഫീസിലാണ്. അതുകൊണ്ടുതന്നെ ഇവിടെ സീറ്റ് ഉറപ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ പരക്കം പായുകയാണ്. വന്‍ ഭൂമിതട്ടിപ്പ് നടന്നുവെന്ന് വ്യക്തമായിട്ടും വീണ്ടും പാറമട ലോബിയ്ക്ക് അനുകൂലമായ നീക്കങ്ങളാണ് രാമപുരം വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. ഭൂരഹിതരാ പാവപ്പെട്ട 70-പേര്‍ക്കും അര്‍ഹതപ്പെട്ട കോട്ടമലയിലെ സ്ഥലം കൈവശം ലഭിക്കുന്നതുവരെ ശക്തമായ നിയമ പോരാട്ടങ്ങളും, സമരങ്ങളുമായി മുന്‍പോട്ട് പോകുവാനാണ് സമരസമിതിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."