നിലപാട് മാറ്റി ട്രംപ്; ഉ.കൊറിയയുമായുള്ള ഉച്ചകോടി നിശ്ചയിച്ചതു പോലെ നടന്നേക്കും
വാഷിങ്ടണ്‍: തങ്ങളുടെ ഏക ആണവ പരീക്ഷണകേന്ദ്രത്തിലെ തുരങ്കങ്ങളും മറ്റു കെട്ടിടങ്ങളും തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഉ.കൊറിയ പുറത്തുവിട്ടതിനു പിന്നാലെ നിലപാടുമാറ്റവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂണ്‍ 12നു തന്നെ ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്ന് ട്രംപ് പറഞ്ഞു. ആവശ്യമെങ്കില്‍ തിയതി നീട്ടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
സിംഗപ്പൂരില്‍ വച്ച് അടുത്ത മാസം നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്ന് വ്യാഴാഴ്ച ട്രംപ് പിന്മാറിയിരുന്നു. ഉ.കൊറിയ കടുത്ത ശത്രുതാപരമായ നിലപാടാണു തങ്ങളോടു തുടരുന്നതെന്നും അതിനാല്‍ ഈ സമയത്ത് കൂടിക്കാഴ്ചയുമായി മുന്നോട്ടുപോകുന്നത് അനുചിതമാണെന്നും കാണിച്ച് കിമ്മിന് ട്രംപ് നേരിട്ട് കത്തയക്കുകയായിരുന്നു. ശത്രുതാപരമായ സമീപനം അവസാനിപ്പിച്ച് എപ്പോള്‍ വന്നാലും കൂടിക്കാഴ്ച നടത്തുന്ന കാര്യം ആലോചിക്കാമെന്നും കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അമേരിക്ക ആഗ്രഹിക്കുന്ന പ്രകാരം തന്നെ ഏതു സമയത്തും അവരുമായി കൂടിക്കാഴ്ചയ്ക്കു സന്നദ്ധമാണെന്നായിരുന്നു ഉ.കൊറിയയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."