വ്യാജരേഖ കാണിച്ച് കശുവണ്ടി ഫാക്ടറി ഉടമകളെ പറ്റിച്ച് കോടികള്‍ തട്ടിയ ഇടനിലക്കാരന്‍ പിടിയില്‍
കൊല്ലം: വ്യാജരേഖ കാണിച്ച് തോട്ടണ്ടി ഇറക്കുമതി ഇടനിലക്കാരെയും ഫാക്ടറി ഉടമകളെയും കബളിപ്പിച്ച് കോടികള്‍ തട്ടിയ കേസില്‍ പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. വാളകം അമ്പലക്കര വാഴവിളയില്‍ അനീഷ്ബാബുവിനെയാ(27)ണ് ഇന്നലെ പുലര്‍ച്ചെ ഈസ്റ്റ് സി.ഐ മഞ്ചുലാലിന്റെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റുചെയ്തത്.
തൃക്കോവില്‍വട്ടം ജയലക്ഷി കാഷ്യൂ ഫാക്ടറി മാനേജ്‌മെന്റിന്റെ പരാതിലാണ് അറസ്റ്റ്. ഇവരില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തുതരാമെന്ന് പറഞ്ഞ് അഞ്ച് കോടി രൂപ തട്ടിയെന്നാണ് കേസ്.
ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെ നിരവധി തോട്ടണ്ടി ഇറക്കുമതി ഇടനിലക്കാരെ ഇയാള്‍ വഞ്ചിച്ചതായി പൊലീസിന് വിവരം ലഭിച്ചു. 35 കോടിയിലേറെ രൂപയുടെ തട്ടിപ്പ് അനീഷ് ബാബു നടത്തയിട്ടുണ്ടെന്നാണ് സൂചന. കശുവണ്ടി ഇടനിലക്കാര്‍ക്ക് ആഫ്രിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തുതരാമെന്ന് പറഞ്ഞ് വ്യാജരേഖ കാണിച്ചായിരുന്നു തട്ടിപ്പ്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തോട്ടണ്ടി കിട്ടാതെ വന്നപ്പോള്‍ ഇടനിലക്കാരും ഫാക്ടറി ഉടമകളും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് വിദേശരാജ്യങ്ങളിലെ തോട്ടണ്ടി കേന്ദ്രങ്ങളുമായി ബന്ധമില്ലെന്ന് മനസിലായത്.
തുടര്‍ന്ന് പൊലീസില്‍ പരാതിയായതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായതോടെ വിദേശ രാജ്യങ്ങളിലേക്കും അന്വേഷണം വ്യാപിച്ചു. ഇന്റര്‍പോളിന്റെ സഹായവും പൊലീസ് തേടി.
വിദേശത്തുള്ള ബന്ധങ്ങള്‍ ഉപയോഗിച്ചും ചില ഇടനിലക്കാരുടെ സഹായത്താലും മുമ്പ് ഇയാള്‍ തോട്ടണ്ടി ഇറക്കുമതി ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ വിദേശ ഏജന്‍സികളുമായോ ഇടനിലക്കാരുമായോ ഇടപെടാനുള്ള നിയമപരമായ അനുമതി ഉണ്ടായിരുന്നില്ല. അതിനിടെ പണം തട്ടിപ്പിന് തരപ്പെടുത്തിയ വ്യാജരേഖയില്‍ കൊല്ലത്തെ കശുവണ്ടി ഇറക്കുമതി ഇടനിലക്കാര്‍ വീഴുകയായിരുന്നു. അഡ്വാന്‍സ് തുക നല്‍കുന്നതിന് മുമ്പ് പരിശോധന ഇടനിലക്കാര്‍ നടത്തിയതുമില്ല. പ്രതി തട്ടിപ്പ് നടത്തിയത് കശുവണ്ടി ലഭിക്കാതെ കടുത്തക്ഷാമം നിലനില്‍ക്കുന്ന സമയത്താണ്. തോട്ടണ്ടി ഉല്‍പ്പാദിപ്പിക്കുന്ന വിദേശരാജ്യങ്ങളിലുള്‍പ്പെടെ സീസണ്‍ സമയങ്ങളില്‍ പോലും ഇത്തവണ ഉല്‍പ്പാദനം കുറവായിരുന്നു. ഈ സാഹചര്യം കൂടി പ്രതി മുതലെടുത്തു. ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."